തിരുനാവായയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

തിരൂര്‍: പുഴയും സ്വന്തം പേരില്‍ ഒരു വന്‍കിട കുടിവെള്ള പദ്ധതിയും ഉണ്ടെങ്കിലും തിരുനാവായയില്‍ കുടിവെള്ളം കിട്ടാക്കനി. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ കുന്നുംപുറം, വലിയപറപ്പൂര്‍, പട്ടര്‍നടക്കാവ് മേലങ്ങാടി, കുത്ത്കല്ല്, കൈത്തക്കര, അനന്താവൂര്‍, കോന്നല്ലൂര്‍, നമ്പിയാംകുന്ന് പ്രദേശങ്ങളിലാണ് ഇപ്പോഴുംരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. വേനല്‍ തുടങ്ങുന്നതോടെ ഈ പ്രദേശത്തുകാരുടെ മനസ്സില്‍ ആധിയാണ്.
പല കുടുംബങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഈ പ്രദേശത്തെ യുവാക്കളുടെ വിവാഹ ആലോചനകള്‍ പോലും കുടിവെള്ളം ക്ഷാമം കാരണമാവാറുണ്ട് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ഭരണസമിതി പ്രാദേശിക ജലസ്രോതസ്സുകളെ ആശ്രയിച്ച് 15 ലധികം ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല. അഞ്ചില്‍ താഴെ പദ്ധതികള്‍ മാത്രമാണ് ഉപയോഗപ്രദമായത്. ബാക്കിയുള്ളവക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചത് പാഴ് ചെലവായി. പിന്നീടാണ് തിരുനാവായ ഭാരതപ്പുഴ കേന്ദ്രീകരിച്ച് തിരുനാവായ, കുറ്റിപ്പുറം, ആതവനാട്, കല്‍പ്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകള്‍ക്കായി തിരുനാവായ തിരുനാവായ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതി തുടങ്ങിയത്.
ശുദ്ധജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് പദ്ധതിയുടെ വിതരണ പൈപ്പ് ലൈന്‍ എത്താത്തതാണ് കാരണം. പൈപ്പ് ലൈന്‍ നീട്ടാന്‍ പണമില്ലെന്ന വിശദീകരണമാണ് അധികാരികള്‍ തടസ്സമായി പറയുന്നത്. കുടിവെള്ള പ്രശ്‌നത്തിന്റെ പേരില്‍ വഴക്കും കേസും കോടതിയും ഇവിടത്തുകാര്‍ക്ക് സുപരിചിതമാണ്. നമ്പിയാംകുന്നിലെ പൊതുകിണറില്‍ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച പരാതി ഒരാഴ്ച്ച മുമ്പാണ് ജില്ലാ കലക്ടറുടെ മുമ്പിലെത്തിയത്. ഒരു സ്വകാര്യ വ്യക്തി മോട്ടോര്‍ ഉപയോഗിച്ച് കിണറിലെ വെള്ളം പമ്പു ചെയ്ത് ജലസേചനത്തിന് ഉപയോഗിക്കുന്നുവെന്നും എനിക്ക് കുടിവെള്ളം തടയപ്പെട്ടുവെന്നുമാണ് പരാതി. ഇങ്ങനെ പോയാല്‍ കുടിവെള്ളത്തിനായി അടിപിടികൂടുന്ന അവസ്ഥ കൈവന്നേക്കും.
പലപ്പോഴും പഞ്ചായത്തോ സന്നദ്ധ സംഘടനകളോ കനിഞ്ഞു നല്‍കുന്ന കുടിവെള്ള വിതരണത്തിലാണ് ഇത്തരക്കാരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ജലവിതരണത്തില്‍ മല്‍സരിക്കാറുണ്ടെങ്കിലും മറ്റു ഘട്ടങ്ങളില്‍ മിക്കവരും രംഗത്തുണ്ടാവാറില്ല. അതിനാലിപ്പോഴും വെള്ളത്തിനായി കാര്‍മേഘത്തെ കാത്തിരിക്കേണ്ട സ്ഥിതിയാണ് പലര്‍ക്കുമിപ്പോഴും.

RELATED STORIES

Share it
Top