തിരുത്തലിലെ നൂലാമാലകള്‍

രാഷ്ട്രീയ കേരളം - എച്ച്  സുധീര്‍
ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ ഫാഷിസ്റ്റ് വിരുദ്ധരെല്ലാം ചേര്‍ന്നുനില്‍ക്കണമെന്ന് രാജ്യത്തെ മതേതരചേരി ആഗ്രഹിക്കുകയും സിപിഎം-സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടുകള്‍ ഈ തലത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയ രാഷ്ട്രീയം. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപിയും കോണ്‍ഗ്രസ്സും ആശയപരമായി ശത്രുക്കളാണെങ്കിലും മുഖ്യ ശത്രു ബിജെപിയാണെന്നതില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. എന്നാല്‍, കോണ്‍ഗ്രസ് സഖ്യമെന്ന സിപിഎം നിലപാട് കേരളത്തിലെത്തുമ്പോള്‍ സിപിഐക്ക് സിപിഎമ്മിനെ അടിക്കാന്‍ കൂടുതലായി ഒരു വടി കിട്ടിയപോലെയാണ്. ഒപ്പം ബിജെപിയും സിപിഎമ്മിനെതിരേ ഇതു ശക്തമായ ആയുധമാക്കുമെന്നതില്‍ സംശയമില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്നു വരെ വിശേഷിപ്പിച്ച എല്‍ഡിഎഫ് മുന്നണിയിലെ സഖ്യകക്ഷിയാണ് സിപിഐ. എല്‍ഡിഎഫ് മുന്നണി സംസ്ഥാനത്ത് ഭരണത്തിലേറിയപ്പോള്‍തൊട്ട് പിണറായി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ പരസ്യമായി സിപിഐ രംഗത്തുവന്നതാണ് രാഷ്ട്രീയ കേരളം കണ്ടത്. ശ്രീജിത്തിന്റെ കസ്റ്റഡിമരണം, കണ്ണൂരിലെ ശുഹൈബിന്റെ കൊല, ചെങ്ങന്നൂരിലെ ഭൂസമരം തുടങ്ങി അവസാനമായി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട തര്‍ക്കം വരെ അത് എത്തിനില്‍ക്കുന്നു. ഇടതുപക്ഷത്തു നിന്നുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ പണികളാണ് സിപിഐ തുടര്‍ന്നുപോരുന്നതെന്നും ഭിന്നതകള്‍ പരസ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സിപിഐ ആത്മപരിശോധന നടത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറയേണ്ട സാഹചര്യവും ഉണ്ടായി.
എന്നാല്‍, ഇടതുമുന്നണിയെ തള്ളിപ്പറയുന്നത് ആലോചനയിലില്ലെന്നു പറയുമ്പോഴും, സിപിഎമ്മിന്റെ സമീപനം അസഹ്യമാണെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ നീറിപ്പിടിക്കുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാക്കളും തുറന്നുസമ്മതിച്ചിട്ടുണ്ട്. നാലുപതിറ്റാണ്ടു മുമ്പ് കോണ്‍ഗ്രസ്സുമായി ഒത്തുചേര്‍ന്ന് സി അച്യുതമേനോന്‍ മന്ത്രിസഭയുണ്ടാക്കിയിരുന്നു. അന്നു നേടിയ പുരോഗമന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സല്‍പ്പേര് സിപിഎമ്മിനൊപ്പം ഭരണത്തില്‍ പങ്കാളിയായതോടെ കളങ്കപ്പെടുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പാളയം വിടണമെന്ന ചര്‍ച്ചയിലൂടെ സിപിഎമ്മിനു വെല്ലുവിളി ഉയര്‍ത്തിയാണ് സിപിഐ ഇതുവരെ മുന്നണിയില്‍ തുടര്‍ന്നതെന്നതാണു സത്യം. ഒപ്പം കാലങ്ങളായി കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുകയാണ് സിപിഐ ചെയ്തത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് ബന്ധം ആഗ്രഹിക്കുന്നതിന്റെ പേരില്‍ സിപിഐയെ ഇതുവരെ പഴിക്കുകയാണ് സിപിഎം ചെയ്തുപോന്നത്. സിപിഎമ്മിന് വേരോട്ടമുള്ള ഒരേയൊരു സംസ്ഥാനമായി കേരളം മാറിയിട്ടും കോണ്‍ഗ്രസ് സഖ്യവിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരള ഘടകത്തിനു തിരിച്ചടിയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സഖ്യമാവാമെന്ന ആവശ്യം ഉന്നയിച്ചുപോന്നിരുന്ന സിപിഐയില്‍ നിന്നുള്ള പരിഹാസവും സിപിഎം ഇനി നേരിടേണ്ടിവരും.
സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് 22ന് ഹൈദരാബാദില്‍ സമാപിച്ചതിനു പിന്നാലെയാണ് കൊല്ലത്ത് സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊടി ഉയര്‍ന്നത്. രണ്ടു കോണ്‍ഗ്രസ്സിലും മുഖ്യ വിഷയമായത് ദേശീയതലത്തിലുള്ള കോണ്‍ഗ്രസ് സഖ്യമാണ്. കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ക്കുന്ന സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി ബന്ധമാവാമെന്ന നിലപാടില്‍ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമുള്ള ബംഗാള്‍ ഘടകവും തമ്മിലുള്ള ശക്തമായ എതിര്‍പ്പുകളും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പുറത്തുവന്നിരുന്നു. തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തില്‍ പ്രായോഗികതയുടെ പാതയിലൂടെ സഞ്ചരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് സിപിഎമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസ് സമാപിച്ചത്. ബിജെപി-ആര്‍എസ്എസ് സഖ്യസര്‍ക്കാരിനെ പരാജയപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം. ഇതിനായി വിഷയങ്ങള്‍ പരിഗണിച്ച് വര്‍ഗീയശക്തികളെ നേരിടുന്നതിന് കോണ്‍ഗ്രസ്സുമായി സഹകരിക്കാമെന്നാണ് സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കോണ്‍ഗ്രസ്സുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിര്‍ത്തത് കേരള ഘടകമായിരുന്നു. കേരളത്തിന്റെ പിന്തുണയോടെയും ആശിര്‍വാദത്തോടെയുമാണ് ഔദ്യോഗിക രേഖ കാരാട്ട് തയ്യാറാക്കിയതും. യെച്ചൂരിയുടെ ബദലിനെതിരേ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതുചര്‍ച്ചയിലും ശക്തമായി രംഗത്തുവന്നതും കേരള നേതാക്കള്‍ തന്നെ. ആ അര്‍ഥത്തില്‍ സംസ്ഥാന സിപിഎമ്മിന് പ്രമേയത്തിലെ തിരുത്ത് തിരിച്ചടിയാണെന്നു പറയാം. അതേസമയം, മതേതരപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പുതിയ സാഹചര്യം സഹായിക്കുകയും ചെയ്യും. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിശാല മതേതരചേരി വേണമെന്ന ആവശ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് കേരള സിപിഎം നേരിട്ടിരുന്നത്. ഭേദഗതി വരുത്തിയ രാഷ്ട്രീയപ്രമേയം അന്തിമമായി അംഗീകരിക്കപ്പെട്ടതോടെ ഇന്നലെ വരെ എതിര്‍ത്തവരുടെ കൈയടി നേടാന്‍ സഹായിക്കും. രാഷ്ട്രീയ പ്രചാരണരംഗത്ത് ബിജെപി പുതിയ സാഹചര്യത്തെ മുതലെടുക്കും. കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യത്തിലായിരിക്കുന്നുവെന്ന പ്രചാരണമായിരിക്കും ഇനി ബിജെപി നടത്തുക.
ബിജെപിയുടെ വര്‍ഗീയനയങ്ങള്‍ക്കും കോണ്‍ഗ്രസ്സിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സംസാരിച്ചത്. വര്‍ഗീയശക്തികള്‍ എക്കാലവും സിപിഎമ്മിനെ എതിര്‍ക്കുകയാണ്. ഇവിടെ മതേതരത്വത്തിനുവേണ്ടി നില്‍ക്കുന്ന പ്രസ്ഥാനം സിപിഎമ്മായതിനാലാണിത്. ഹിന്ദുത്വ അജണ്ടയുമായി രാജ്യം ഭരിക്കുന്ന ബിജെപി ജനതയെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസ്, ബിജെപി ഭരണം നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ജനജീവിതം ദുഷ്‌കരമാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം തിരുത്തേണ്ട അവസ്ഥ വരും പിണറായി സര്‍ക്കാരിന്. ഒരുകാലത്ത് ഇന്ദിരാഗാന്ധിയെ സ്വേച്ഛാധിപതിയെന്നും രാജീവ്ഗാന്ധിയെ ബോഫോഴ്‌സ് ഗാന്ധിയെന്നും വിളിച്ചിരുന്നവര്‍ ഇന്ന് കോണ്‍ഗ്രസ്സിനോട് സഖ്യത്തിന് അപേക്ഷിക്കുകയാണ്. ഡല്‍ഹിക്കുള്ള വഴി ഞങ്ങള്‍ക്കറിയില്ല, അതുകൊണ്ട് കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോവൂ എന്ന് അഭ്യര്‍ഥിക്കുകയാണ് സിപിഎം എന്ന് ബംഗാളില്‍ സഖ്യമുണ്ടാക്കിയ സമയത്ത് കേട്ടതുപോലെ പരിഹാസം കേരളത്തിലും പാര്‍ട്ടി കേള്‍ക്കേണ്ടിവരും.
കോണ്‍ഗ്രസ് ബന്ധം ആഗ്രഹിക്കുന്നതിന്റെ പേരില്‍ സിപിഐയെ പഴിക്കുന്ന സിപിഎമ്മിന് അവരില്‍ നിന്നുള്ള പരിഹാസവും ഇനി കേള്‍ക്കേണ്ടിവരും. അതേസമയം, ആര്‍എസ്എസ് ഭീഷണി നേരിടുന്ന മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഈ തിരുത്ത് സിപിഎമ്മിനെ വലിയതോതില്‍ സഹായിക്കും.
അതേസമയം, കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ സമാന തത്ത്വമാണ് പിന്തുടരുകയെന്നു വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് കൊല്ലത്ത് നടക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐയിലെ കേരളഘടകത്തിലും അഭിപ്രായഭിന്നതയുണ്ട്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പരസ്യ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് സിപിഐയുടെ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്.                         ി

RELATED STORIES

Share it
Top