തിരിച്ചുവരവിനൊരുങ്ങി മാനന്തവാടി പഴശ്ശി പാര്‍ക്ക്

മാനന്തവാടി: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയുമായിരുന്ന പഴശ്ശി പാര്‍ക്ക് തിരിച്ചുവരവിന്റെ പാതയില്‍. വനംവകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം നിര്‍മിച്ച പാര്‍ക്ക് 1994ലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയത്. കുട്ടികളുടെ പാര്‍ക്ക്, ബോട്ടിങ്, മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍ എല്ലാം നിറഞ്ഞ പുഴയോരത്ത് സ്ഥിതിചെയ്യുന്ന പാര്‍ക്കില്‍ നിത്യേന നിരവധി വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. പ്രതിദിനം ശരാശരി ആയിരത്തോളം പേര്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു അവധി ദിവസങ്ങളില്‍ ഇത് ഇരട്ടിയിലധികമാവും.
ഡിടിപിസിക്ക് നല്ലൊരു തുക വരുമാനമായി ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ക്ക് നാശത്തിലേക്ക് കൂപ്പുകുത്തി. 2014ല്‍ പാര്‍ക്ക് പൂര്‍ണമായി അടച്ചുപൂട്ടുകയും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പാര്‍ക്കിന്റെ പുനരുദ്ധാരണത്തിനായി പല പദ്ധതികളും തദ്ദേശസ്വയംഭരണ വകുപ്പും ഡിടിപിസിയും കൊണ്ടുവന്നെങ്കിലും പ്രാവര്‍ത്തികമായില്ല. സംസ്ഥാന ടൂറിസം വകുപ്പ്, നിര്‍മിതി കേന്ദ്ര എന്നിവയെല്ലാം കൈകോര്‍ത്ത് ഇപ്പോള്‍ പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
പെഡല്‍, റോ വിങ് ബോട്ടുകള്‍ പൂക്കോട് എത്തിക്കഴിഞ്ഞു. ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ പാര്‍ക്കില്‍ എത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ചെലവഴിച്ച് ഇന്റര്‍ലോക്ക്, പാര്‍ക്കിങ് ഗ്രൗണ്ട്, കോഫി ഷോപ്പ്, ടിക്കറ്റ് കൗണ്ടര്‍, ഓഫിസ് ബില്‍ഡിങ് എന്നിവയാണ് സജ്ജീകരിക്കുന്നത്. നിര്‍മിതിയുടെ 33 ലക്ഷം രൂപ ഉപയോഗിച്ച് കുട്ടികളുടെ പാര്‍ക്ക്, കളിക്കാനുള്ള ഉപകരണങ്ങള്‍, ബോട്ട് ജെട്ടി നവീകരണം, പൂന്തോട്ട നിര്‍മാണം എന്നിവയാണ് ഉദ്ദേശിക്കുന്നത്. ടൂറിസംവകുപ്പ് അനുവദിച്ച അഞ്ചുകോടി രൂപയില്‍ ആദ്യഘട്ടമായി ലഭിച്ച രണ്ടുകോടി ഉപയോഗിച്ച് പാര്‍ക്ക് മുഴുവന്‍ ദീപാലംകൃതമാക്കും.
ഇതോടെ രാത്രി 10 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാനാവും. കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. നാലു സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജീവനക്കാരുമാണ് ഇവിടെയുള്ളത്. പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
നവംബര്‍ ആദ്യവാരത്തോടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നു ഡിടിപിസി മെംബര്‍ സെക്രട്ടറി ബി ആനന്ദ് പറഞ്ഞു.
പാര്‍ക്കിന്റെ നവീകരണം യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവും.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്ക്കു ബദലായി ടൂറിസം മേഖലയെ വളര്‍ത്തിയെടുക്കുകയെന്ന സര്‍ക്കാരിന്റെ നയപരിപാടികളുടെ ഭാഗമായി കൂടിയാണ് പഴശ്ശി പാര്‍ക്ക് നവീകരണം നടക്കുന്നത്.

RELATED STORIES

Share it
Top