തിരിച്ചറിയാതെ 20 മൃതദേഹങ്ങള്‍

ഇ രാജന്‍

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ 20 പേരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ തിരിച്ചറിയാതെ സൂക്ഷിച്ചിരിക്കുകയാണ്. മൃതശരീരങ്ങള്‍ ജീര്‍ണിച്ചതിനാല്‍ തന്നെ തൊലി കണ്ട് തിരിച്ചറിയുക സാധ്യമല്ല. മൃതദേഹം നോക്കി തിരിച്ചറിയാന്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് പോലും കഴിയാത്ത അവസ്ഥയിലാണ്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ആളെ ഉറപ്പിക്കാനാവൂ. മൃതദേഹങ്ങള്‍ കടപ്പുറത്തു നിന്നും ആംബുലന്‍സില്‍ കയറ്റിവിടുന്നതുവരെ രക്ഷാപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും കൂടെത്തന്നെയുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുമ്പില്‍ വിരലിലെണ്ണാവുന്ന ട്രോമാകെയര്‍ പ്രവര്‍ത്തകരും പോലിസുകാരും മാത്രമാണുള്ളത്. തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് സാക്ഷ്യപ്പെടുത്താന്‍ പലരോടും അപേക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍. ശേഖരിച്ച ഡിഎന്‍എ സാംപിളുകളുടെ മുഴുവന്‍ പരിശോധനാ ഫലവും ലഭിച്ചിട്ടില്ല. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഫലം ലഭിക്കേണ്ടത്. ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെ തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ സുനില്‍ ഹൗസില്‍ സ്റ്റെല്ലസി(42)ന്റെ മൃതദേഹം മാത്രമാണ് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞത്. സ്‌റ്റെല്ലസിന്റെ ഭാര്യ: സുശീല. മക്കള്‍: സുനില്‍(കരസേന), സുമി, സോണി, സെല്‍വി.

RELATED STORIES

Share it
Top