തിരിച്ചറിയപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കോഴിക്കോട്: ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കലക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു. സംസ്ഥാനസര്‍ക്കാര്‍ സാമൂഹികനീതി വകുപ്പു മുഖേനയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിനു നല്‍കിക്കൊണ്ടാണ് കലക്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തത്.
ജില്ലാതല  സ്‌ക്രീനിങ് കമ്മിറ്റി മുമ്പാകെ ഹാജരായ 27 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്റര്‍ പോളിസിയുടെ ഭാഗമായി ഈ വിഭാഗക്കാര്‍ക്ക് മുഴുവന്‍ അപേക്ഷിക്കുന്ന മുറയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്താന്‍ നടപടികള്‍ സ്വീകരിക്കുതാണെന്നും ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളായ സ്വയം തൊഴില്‍ ധനസഹായ പദ്ധതി, ഐഡി കാര്‍ഡ് വിതരണം ഡ്രൈവിങ് പരിശീലനം, തുടര്‍ വിദ്യാഭ്യാസ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സേവന പദ്ധതികള്‍ ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായിരിക്കുന്നത്. നാട്ടുകാരും വീട്ടുകാരും ഉപേക്ഷിക്കപ്പെട്ട സ്വന്തംകാലില്‍ നില്‍ക്കാന്‍ എന്തെങ്കിലും ജോലി ചെയ്യാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്് നേരിടേണ്ടി വരാറുണ്ടെന്നും അതിനു പരിഹാരമായതില്‍ ഏറെ സന്തോഷമുണ്ടെന്നും തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിച്ച ശേഷം സിസിലി ജോര്‍ജ് പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം മധുസൂദനന്‍, ജില്ലാ സാമൂഹികനീതി സീനിയര്‍ സൂപ്രണ്ട് പരമേശ്വരന്‍, ജൂനിയര്‍ സൂപ്രണ്ട് ടി ടി സുനില്‍കുമാര്‍, ഹെഡ് അക്കൗണ്ടന്റ് എം ടി ഹവ്വ പങ്കെടുത്തു.

RELATED STORIES

Share it
Top