തിരഞ്ഞെടുപ്പ് മുന്നില്‍; പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു

ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍ സംവരണം ആവശ്യപ്പെട്ട് ദലിതുകള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു.
ജോലി, ഉദ്യോഗക്കയറ്റം തുടങ്ങിയവയില്‍ സംവരണം വേണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയില്‍ ദലിതുകളും ജാട്ട് വിഭാഗക്കാരും സമരം നടത്തുന്നത്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ബാക്കിയില്ലാത്ത സമയത്ത് ചേര്‍ന്ന യോഗം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മോദി അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു യോഗം വിളിക്കുന്നത്.
സ്വാകാര്യമേഖലയിലെ ദലിതുകളുടെ സംവരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായി വാണിജ്യമേഖലയിലെ പ്രമുഖ സംഘടനകള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി നിലവിലുണ്ട്. 2006 ഒക്ടോബറില്‍ യുപിഎ സര്‍ക്കാറാണ് അതിന് രൂപംനല്‍കുന്നത്. 2014 വരെ ഏഴു യോഗങ്ങള്‍ ചേരുകയും ചെയ്തു. മോദി അധികാരത്തില്‍ വന്ന ശേഷം പിന്നീട് യോഗങ്ങളൊന്നും വിളിച്ചില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ യോഗം വിളിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഇതുവരെ യോഗം വിളിക്കാത്തതിനെ യോഗത്തില്‍ ചിലര്‍ ചോദ്യംചെയ്തതായാണ് വിവരം. അതേസമയം, യോഗത്തില്‍ വ്യവസായ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ വാഗ്ദാനങ്ങളൊന്നും നല്‍കിയില്ല.
സംവരണത്തിന് പുറമെ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്, നൈപുണി പരിശീലനം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തു. ഈ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 22,000 ഗ്രാമങ്ങളുടെ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഈ ഗ്രാമങ്ങള്‍ ദത്തെടുത്ത് ദലിതുകള്‍ക്ക് പരിശീലനവും ജോലിയും നല്‍കണമെന്ന് സര്‍ക്കാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് കേന്ദ്രത്തിന് നിരവധി സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ കിട്ടുന്നുണ്ട്. ആദിവാസികള്‍ക്കെങ്കിലും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സ്വകാര്യ കമ്പനികള്‍ തയ്യാറാവണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top