തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് അരക്കോടിയുടെ വെട്ടിപ്പ്: ഡെപ്യൂട്ടി കലക്ടറടക്കം നാലുപേര്‍ക്കെതിരേ വിജിലന്‍സ് കുറ്റപത്രം

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിനു നല്‍കിയ കേസില്‍ ഡെപ്യൂട്ടി കലക്ടറടക്കം നാലുപേര്‍ക്കെതിരേ വിജിലന്‍സ് ഡിവൈഎസ്പി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം ചുമത്തുന്നതിന് ഡിസംബര്‍ 12ന് പ്രതികള്‍ ഹാജരാവാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലാ കലക്ടറേറ്റിലെ ഇലക്ഷന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ബിജു, ഇലക്ഷന്‍ സെല്‍ ജൂനിയര്‍ സൂപ്രണ്ട് എസ് രമേശ്, ഇലക്ഷന്‍ സെല്‍ സീനിയര്‍ ക്ലാര്‍ക്ക് എസ് എസ് സന്തോഷ് കുമാര്‍, കൈതമുക്കില്‍ സെലിട്രോണിക്‌സ് എന്ന പേരില്‍ വീഡിയോ ചിത്രീകരണ സ്റ്റുഡിയോ നടത്തുന്ന വി രവീന്ദ്രകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
2014 ജൂണ്‍ 13നാണ് കേസിനാസ്പദമായ സംഭവം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്ന് തിരുവനന്തപുരം ജില്ലയ്ക്ക് 11,21,94,301 രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് തിരുവനന്തപുരം ഇലക്ഷന്‍ സെല്ലിലെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ലഭിച്ച 6,62,88,437 രൂപയില്‍നിന്നാണ് പ്രതികള്‍ അരക്കോടിയുടെ തിരിമറി നടത്തിയതെന്ന് ഡിവൈഎസ്പി എ അബ്ദുല്‍ വഹാബ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ജില്ലയിലെ ഇലക്ഷന്‍ സംബന്ധമായ വീഡിയോ ചിത്രീകരണം നടത്തുന്നതിനു യൂനിറ്റൊന്നിന് 2,874 രൂപ ക്വാട്ട് ചെയ്ത സെലിട്രോണിക്‌സ് സ്ഥാപന ഉടമയ്ക്ക് 5,000 രൂപയുടെ നിരതദ്രവ്യം സ്വീകരിക്കാതെ മാര്‍ച്ച് 6ന് ടെന്‍ഡര്‍ അനുവദിച്ചു നല്‍കി.
വീഡിയോ ചിത്രീകരണത്തിന് നിയമാനുസരണം ലഭിക്കേണ്ട 1140 യൂനിറ്റിനുള്ള തുകയായ 32,76,360 രൂപയ്ക്ക് പകരം 3,051 യൂനിറ്റിനുള്ള തുകയായ 85,65,037 രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഉടമയ്ക്ക് അനുവദിച്ചുകൊടുത്തു. ഈയിനത്തില്‍ സര്‍ക്കാരിന് 52,88,677 രൂപയുടെ നഷ്ടം സംഭവിച്ചതായി കുറ്റപത്രത്തില്‍ പയുന്നു.

RELATED STORIES

Share it
Top