തിരഞ്ഞെടുപ്പ്: കര്‍ഷകരെ പാട്ടിലാക്കാന്‍ മോദി സര്‍ക്കാര്‍; നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തു നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് തീരുമാനം. ക്വിന്റലിന് 200 രൂപയാണ് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്. പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് (മഴക്കാല) വിളകളുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഇതുവഴി 10,000 മുതല്‍ 12,000 കോടി രൂപയുടെ വരെ അധികബാധ്യതയുണ്ടാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ക്വിന്റലിന് 1550 രൂപയാണ് നെല്ലിന്റെ താങ്ങുവില. ഇത് 1750 ആയി വര്‍ധിക്കും. ഇടത്തരം വിഭാഗത്തില്‍പ്പെട്ട പരുത്തിയുടെ വില ക്വിന്റലിന് 1550 രൂപയായിരുന്നത് 1590 ആക്കി. പരുത്തി വലുതിന്റെ താങ്ങുവില 4320ല്‍ നിന്ന് 5450 രൂപയാവും. പരിപ്പ് ക്വിന്റലിന് 5450ല്‍ നിന്ന് 5675 രൂപയായും ഉഴുന്നുപരിപ്പിന് 5400ല്‍ നിന്ന് 5600 രൂപയായും വര്‍ധിക്കും. കടലപ്പരിപ്പിന്റേത് 5575 രൂപയില്‍ നിന്ന് 6975 രൂപയാക്കി.
നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനം അധികം എന്ന കണക്കില്‍ നിലനിര്‍ത്താനാണ് തീരുമാനം. ആദ്യമായാണ് മഴക്കാലവിളകള്‍ക്ക് സര്‍ക്കാര്‍ ഇത്രയും വലിയ താങ്ങുവില നല്‍കുന്നതെന്ന് മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. അടുത്ത് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.

RELATED STORIES

Share it
Top