തിരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനം മാര്‍ച്ച് ഒന്നിന്

പടിഞ്ഞാറത്തറ: ജില്ലയില്‍ മുന്നണികള്‍ തമ്മില്‍ അത്യധികം വാശിയോടെ തിരഞ്ഞെടുപ്പ് നടക്കാറുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നായ പടിഞ്ഞാറത്തറ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നുരാവിലെ ഒമ്പതു മുതല്‍ എയുപി സ്‌കൂളില്‍ നടക്കും. വോട്ടര്‍പട്ടികയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയതായുള്ള പരാതിയുള്‍പ്പെടെ നിരവധി തവണ ഹൈക്കോടതിയില്‍ കേസുകള്‍ നടത്തിയാണ് ബാങ്ക് തിരഞ്ഞെടുപ്പിലെത്തിയത്.
2008ല്‍ തിരഞ്ഞെടുത്ത  ഭരണസമിതി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായിരുന്നു. 2008ല്‍ നടത്തിയ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങളുണ്ടാവുകയും നേതാക്കള്‍ ഉള്‍പ്പെടെ കേസിലകപ്പെടുകയും ചെയ്തിരുന്നു.
ഇത്തവണയും അക്രമം നടത്തി വോട്ടെടുപ്പ് നീട്ടിവച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരാന്‍ ഇടതുമുന്നണി ശ്രമിക്കുന്നതായി ആരോപിച്ച് യുഡിഎഫ് നേതൃത്വത്തിലുള്ള ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും സുഗമമായ വോട്ടെടുപ്പിന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷയിലാവും വോട്ടെടുപ്പ്. 4,057 പേരടങ്ങുന്ന വോട്ടര്‍പട്ടികയായിരുന്നു അന്തിമമായി പ്രസിദ്ധീകരണത്തിന് നല്‍കിയത്. എന്നാല്‍, 4,551 പേരുടെ വോട്ടര്‍പട്ടികയാണ് വരണാധികാരിയായ വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഈ മാസം 20ന് പ്രസിദ്ധീകരിച്ചത്. ഇതില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് വോട്ടര്‍മാരെ ചേര്‍ത്തതെന്നാരോപിച്ച് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുകയും പുതുതായി കൂട്ടിച്ചേര്‍ത്തതായി പരാതിയുള്ള 497 വോട്ടര്‍മാരുടെ വോട്ടുകള്‍ പ്രത്യേക ബാലറ്റ് പെട്ടയില്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ വോട്ടുകള്‍ പ്രത്യേക ബാലറ്റില്‍ നിക്ഷേപിച്ച് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയ ശേഷവും കേസ് വിധിയാവുന്നതു വരെ സൂക്ഷിക്കാനാണ് കോടതി നിര്‍ദേശം. യുഡിഎഫ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ അഞ്ചു സീറ്റില്‍ മുസിലിം ലീഗും നാലു സീറ്റില്‍ കോണ്‍ഗ്രസ്സുമാണ് മല്‍സരിക്കുന്നത്.
എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഒരു സീറ്റില്‍ സിപിഐയും ബാക്കിസീറ്റുകളില്‍ സിപിഎമ്മും മല്‍സരിക്കും.
മുന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ യുഡിഎഫിന്റെ ഭാഗമായി രണ്ട് അംഗങ്ങളുണ്ടായിരുന്ന ജനതാദള്‍ ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സീറ്റ് നല്‍കിയിട്ടില്ല.
ഇന്ന് വൈകീട്ട് അഞ്ചോടെ വോട്ടെടുപ്പ് പൂര്‍ത്തിയാവുമെങ്കിലും ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെുപ്പ് ചട്ടം നിലവിലുള്ളതിനാല്‍ ഫലപ്രഖ്യാപനം മാര്‍ച്ച് ഒന്നിന് വൈകീട്ടാണുണ്ടാവുക.

RELATED STORIES

Share it
Top