തിരഞ്ഞെടുപ്പു ഫലങ്ങള്‍ ആശങ്ക ശക്തിപ്പെടുത്തുന്നു

കാല്‍നൂറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന ത്രിപുരയില്‍ നേടിയ വന്‍ വിജയം രാജ്യത്തിന്റെ ഹൃദയഭാഗത്ത് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയെ മറികടക്കാന്‍ ബിജെപിയെ സഹായിക്കുമെന്നു തീര്‍ച്ചയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനു ബദലായി കേന്ദ്രം ഭരിക്കുന്ന കക്ഷി വിജയം നേടുന്നത് അത്ര അസാധാരണമല്ല. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പു ഫലങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ സംഘപരിവാരത്തിന്റെ വിജയാരവം അത്ര യാഥാര്‍ഥ്യനിഷ്ഠമല്ലെന്നു വ്യക്തമാണ്. നാഗാലാന്‍ഡില്‍ ഹിന്ദുത്വ ദേശീയതയുടെ വക്താക്കള്‍, ക്രിസ്ത്യാനികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ജറുസലേം സന്ദര്‍ശിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നു പറഞ്ഞാണ് വോട്ടര്‍മാരെ സമീപിച്ചത്. കശ്മീരില്‍ വിഘടനവാദികളോടൊപ്പം നില്‍ക്കുന്ന പിഡിപിയുമായി ബാന്ധവം സ്ഥാപിച്ചതിന്റെ ആവര്‍ത്തനമായിരുന്നുവത്. മാത്രമല്ല, പൊതുവില്‍ ഗോത്രവര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടിയെ സഖ്യകക്ഷിയാക്കിയാണ് ബിജെപി ഭരണകക്ഷിയായ നാഗാലാന്‍ഡ് പീപ്പിള്‍ ഫ്രണ്ടിനോടൊപ്പമെത്തിയത്. തീവ്രഹിന്ദുബംഗാളികളെയും ഓരോ ഗോത്രത്തിനും സംസ്ഥാനം വേണമെന്നു വാദിക്കുന്ന വിഭാഗങ്ങളെയും ബിജെപി സ്വാധീനിച്ചു. അദൃശ്യരായ മുസ്‌ലിം അപരരായിരുന്നു ശത്രു.
മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനു കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രണ്ടു ദേശീയ പാര്‍ട്ടികളും ചേര്‍ന്നു സ്വതന്ത്രന്‍മാര്‍ക്കു വേണ്ടി ലേലം നടത്താന്‍ സാധ്യതയേറെ. അതേയവസരം അസമില്‍ വംശവെറിയുടെ രാഷ്ട്രീയം കളിച്ച് അധികാരമേറിയ ബിജെപിക്ക് തൊട്ടടുത്ത മേഘാലയയില്‍ ഒരു നേട്ടവുമുണ്ടാക്കാന്‍ പറ്റിയില്ല എന്നതു ശ്രദ്ധേയമാണ്. ആയിടെ കോണ്‍ഗ്രസ്സില്‍ നിന്നു ബിജെപിയിലെത്തിയ നേതാക്കളായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍. ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു എല്ലാം.
മുമ്പ് രണ്ടു ശതമാനത്തില്‍ താഴെ മാത്രം വോട്ടുണ്ടായിരുന്ന ബിജെപി ചിട്ടയായ പ്രവര്‍ത്തനം മാത്രമല്ല, ചിട്ടയായ വിലപേശലിനും തയ്യാറായതുകൊണ്ടാണ് തിളക്കമുള്ള വിജയം നേടിയത്. മുമ്പുതന്നെ ഗോത്രപരവും ഭാഷാപരവുമായ പടലപ്പിണക്കംകൊണ്ട് ശിഥിലമായ കോണ്‍ഗ്രസ്സിനു പകരം നില്‍ക്കാന്‍ ബാങ്ക് കൊള്ളക്കാരില്‍ നിന്നും വ്യവസായ-വാണിജ്യ കുത്തകകളില്‍ നിന്നും ലഭിച്ച കോടികള്‍ പാര്‍ട്ടി ചെലവഴിച്ചതിന്റെ സൂചനകള്‍ എറെയുണ്ട്. എഐസിസി അധ്യക്ഷന്‍ ഒരുദിവസമാണത്രേ പ്രചാരണത്തിന് എത്തിയത്. ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ ഭരണപരാജയം ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം തീവ്ര ഗോത്രവര്‍ഗ വശീയതയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന് അമിത്ഷായുടെ മൈക്രോ മാനേജ്‌മെന്റ് വളരെയേറെ സഹായിച്ചു. ഇന്ത്യയില്‍ ടെക്സ്റ്റ് ബുക്ക് ഫാഷിസം വന്നോ വന്നില്ലേ എന്ന ബൗദ്ധിക സംവാദവുമായി കാലംകഴിക്കുന്ന സിപിഎം നേതൃത്വത്തിന് സംസ്ഥാനത്തു വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ-സാമൂഹിക പ്രവണതകള്‍ തിരിച്ചറിയാന്‍ പറ്റിയില്ലെന്നു വ്യക്തം.
സിപിഎം ഒരു കേരള പാര്‍ട്ടിയായി ചുരുങ്ങുന്നത് അതിന്റെ ശത്രുക്കളെ സന്തോഷിപ്പിക്കുമെങ്കിലും അന്തിമ വിശകലനത്തില്‍ അതിന്റെ തകര്‍ച്ച ഇന്ത്യയിലെ മതേതര രാഷ്ട്രീയത്തിന്റെ തകര്‍ച്ചകൂടിയാണ്. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശക്തിപ്പെടുത്തുന്നു.

RELATED STORIES

Share it
Top