തിരഞ്ഞെടുപ്പുഫലം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേയുള്ള വിലയിരുത്തല്‍

തിരുവനന്തപുരം: ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള വിലയിരുത്തല്‍ കൂടിയാവും വരാന്‍ പോവുന്ന തിരഞ്ഞെടുപ്പുഫലങ്ങളെന്നു കെ പിസിസി പ്രസിഡന്റ് എം എം ഹസന്‍.
ജനമോചനയാത്രയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍, കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സാധാരണ പൗരന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് രാജ്യത്തു നിലനില്‍ക്കുന്നത്. നോട്ട് നിരോധനം, നികുതി പരിഷ്‌കരണം തുടങ്ങി തുഗ്ലക് പരിഷ്‌കാരങ്ങളിലൂടെ ജനജീവിതത്തെ കേന്ദ്രം താറുമാറാക്കി. ഇതിനെല്ലാം പുറമേയാണ് വര്‍ഗീയ ഫാഷിസ്റ്റ് അതിക്രമങ്ങള്‍.
ജനദ്രോഹ നടപടികളില്‍ മോദിയുടെയും പിണറായി വിജയന്റെയും സര്‍ക്കാരുകള്‍ പരസ്പരം മല്‍സരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നത്. ഇതിനെല്ലാമെതിരേയുള്ള ജനങ്ങളുടെ രോഷവും പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പുഫലങ്ങളില്‍ പ്രതിഫലിക്കാന്‍ പോവുന്നതെന്നും ഹസന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ശശിതരൂര്‍ എംപി, എന്‍ ശക്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top