തിരഞ്ഞെടുപ്പുചട്ടം പ്രാബല്യത്തില്‍; 95 ലക്ഷം സാരികള്‍ എന്തുചെയ്യണമെന്നറിയാതെ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: കാലാവധി തികയാന്‍ കാത്തുനില്‍ക്കാതെ തിരഞ്ഞെടുപ്പ് നേരത്തേയാക്കി നിയമസഭ പിരിച്ചുവിട്ട തെലങ്കാന സര്‍ക്കാരിനെയും ഭരണകക്ഷിയായ ടിആര്‍എസിനെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വെട്ടിലാക്കി. കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്നുമുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതാണ് ടിആര്‍എസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.
ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി ഓര്‍ഡര്‍ ചെയ്ത 95 ലക്ഷം സാരികള്‍ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് പാര്‍ട്ടിനേതൃത്വവും സര്‍ക്കാരും. 280 കോടിയോളം രൂപയാണ് സാരി വാങ്ങാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. നിലവില്‍ ഓര്‍ഡര്‍ കൊടുത്ത 95 ലക്ഷം സാരികളില്‍ 50 ലക്ഷവും തെലങ്കാനയില്‍ എത്തിയിട്ടുണ്ട്.
നവരാത്രിയോടനുബന്ധിച്ച് ഉല്‍സവസമയത്ത് പാവപ്പെട്ട സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. സാരികളുടെ എക്‌സിബിഷന്‍ മുഖ്യമന്ത്രിയുടെ മകന്‍ കെ ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഒക്‌ടോബര്‍ 12നാണ് സംസ്ഥാന വ്യാപകമായി ഇതു വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചത്.
സാരി വിതരണത്തിനു പുറമേ 57 ലക്ഷം കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച റിതു ബന്ധു പദ്ധതിയെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവു ബാധിക്കും.

RELATED STORIES

Share it
Top