തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം വേണ്ട:സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി സീതാരാമയ്യ. താന്‍ ചില വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ കീഴിലാണ്. കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സമിതിയാണെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് സര്‍ക്കാരാണ്. അദ്ദേഹം പറഞ്ഞു. ഉത്തരകര്‍ണാടകയിലെ റായ്പൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാലറ്റ് പേപ്പറിലേക്ക് പോവാന്‍ എന്താണ് ബുദ്ധിമുട്ട്? ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും എഴുതുകയും ചെയ്യും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. രണ്ടു സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ബ്ലൂടൂത്ത് സാങ്കേതികവിദ്യവഴി വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. നേരത്തേ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങളുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top