തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പരസ്യം തടയണം: ഫേസ്ബുക്കിനോട് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പിനു മുമ്പുള്ള 48 മണിക്കൂറില്‍ രാഷ്ട്രീയ പരസ്യം തടയുന്ന കാര്യം പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫേസ്ബുക്ക് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യര്‍ഥന പരിശോധിച്ചുവരികയാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126ാം വകുപ്പ് പഠിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപംനല്‍കിയ കമ്മിറ്റി ജൂണ്‍ നാലിന് വിളിച്ചുകൂട്ടിയ യോഗത്തില്‍ ഫേസ്ബുക്ക് പ്രതിനിധി പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന് സംവിധാനമൊരുക്കാമെന്നും പ്രതിനിധി പറഞ്ഞിരുന്നു.
രാജ്യത്തെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് ഫേസ്ബുക്ക് ഉള്ളടക്കമെങ്കില്‍ അത് നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ഫേസ്ബുക്ക് ഇന്ത്യാ വക്താവ് അറിയിച്ചു.
സീനിയര്‍ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉമേഷ് സിന്‍ഹയാണ് കമ്മിറ്റി ചെയര്‍മാന്‍. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമാക്കുന്നതിനാണ് ഫേസ്ബുക്കിനോട് ചട്ടലംഘനം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടതെന്ന് സിന്‍ഹ പറഞ്ഞു.

RELATED STORIES

Share it
Top