തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ് ബുക്ക് ശ്രമിച്ചാല്‍ ശക്തമായ നടപടി

ന്യൂഡല്‍ഹി: സാമൂഹികവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഫേസ്ബുക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്നു കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കാംബ്രിജ് അനലിറ്റിക്ക കമ്പനി നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു അഞ്ചു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്.
മാധ്യമ അഭിപ്രായ സ്വാതന്ത്യത്തെയും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ആശയ കൈമാറ്റത്തെയും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല. ആവശ്യമെങ്കില്‍ ഇതിനെതിരേ ശക്തമായ നടപടി എടുക്കും. അനാലിറ്റിക്ക റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ അമേരിക്കയിലും ബ്രിട്ടനിലും ഫേസ്ബുക്ക് സൂഷ്മനിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ അമേരിക്കയിലെ നീതി വകുപ്പുമായും ഫെഡറല്‍ ട്രേഡ് കമ്മീഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ ഫേസ്ബുക്കിനും കാംബ്രിജ് അനലിറ്റിക്ക കമ്പനിക്കും സമന്‍സ് അയക്കുമെന്നും കടുത്ത നടപടി കൈക്കൊള്ളുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം കാംബ്രിജ് അനലിറ്റിക്ക കമ്പനിയുമായി കോണ്‍ഗ്രസ്സിന് ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു. എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി കൈമാറിയെന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനു യുപിഎയുടെ തിരഞ്ഞെടുപ്പ് നയം രൂപീകരിക്കുന്നതിനായി കാംബ്രിജ് അനലിറ്റിക്കയുടെ സിഇഒ അലക്‌സാണ്ടര്‍ നിക്‌സ് രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. വിവരങ്ങള്‍ മോഷണം നടത്തിയതായി അമേരിക്കയിലും ഇംഗ്ലണ്ടിലും കമ്പനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും നൈജീരിയ, കെനിയ, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കമ്പനി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു കമ്പനി വീരവാദം മുഴക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രിയുടെ ആരോപണം വ്യാജ പ്രചാരണമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയോ, രാഹുല്‍ ഗാന്ധിയോ കാംബ്രിഡ്ജ് അനാലിറ്റിക്കയെ ഉപയോഗിച്ചിട്ടില്ലെന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപി വ്യാജ വാര്‍ത്തകളുടെ ഫാക്ടറി നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധനായ നിയമമന്ത്രിയാണ് രവിശങ്കര്‍ പ്രസാദെന്നും സുര്‍ജേവാല പറഞ്ഞു.

RELATED STORIES

Share it
Top