തിരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം നിര്‍മിക്കും: ആദിത്യനാഥ്

അയോധ്യ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് ആദിത്യനാഥ് ആവശ്യപ്പെട്ടു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തിലാണ് യോഗിയുടെ ഈ പ്രഖ്യാപനം.
എന്ത് വിലകൊടുത്തും വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവും മുന്‍ ബിജെപി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തിയുടെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രഖ്യാപനം.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ ക്ഷേത്രം തകര്‍ത്തത് ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്നും ബാബരി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവ് പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വേദാന്തിയുടെ പ്രസംഗം. കോടതി ഉത്തരവിന് കാത്തിരിക്കില്ലെന്നും രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്നും വേദാന്തി പറഞ്ഞു. നിര്‍മാണത്തിന് കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കും. രാമക്ഷേത്രം  ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണെന്നും വേദാന്തി പറഞ്ഞു.

RELATED STORIES

Share it
Top