തിരഞ്ഞെടുക്കുന്ന നൂറു ചാനലുകള്‍, പ്രതിമാസം 130 രൂപ; പുതിയ ഉത്തരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി
ന്യൂഡല്‍ഹി: കേബിള്‍ വരിക്കാര്‍ക്കും ഡിടിഎച്ച് പോലെ ഇഷ്ടമുള്ള ചാനലുകള്‍ക്ക് മാത്രം പണം കൊടുക്കാവുന്ന സംവിധാനം വരുന്നു. നിലവില്‍ കേബിള്‍ വിതരണക്കാര്‍ നിശ്ചയിച്ച് നല്‍കുന്ന ചാനലുകള്‍ക്കാണ് ഉപഭോക്താക്കള്‍ പണം നല്‍കുന്നത്.ഇതിന് പകരം
ഉപഭോക്താവിന് ഇഷ്ടമുള്ള ചാനലുകള്‍ മാത്രം  തിരഞ്ഞെടുത്തു പണം നല്‍കാവുന്ന സംവിധാനമൊരുക്കണമെന്ന ഉത്തരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ ഇഷ്ടമുള്ള നൂറു ചാനലുകള്‍ കാണുന്നതിന് പ്രതിമാസം 130 രൂപയും നികുതിയുമാണ് ഉപഭോക്താവ് നല്‍കേണ്ട തുക. ഏറെ നാളായി ചര്‍ച്ചയിലുള്ള ഈ നിര്‍ദേശം നടപ്പാക്കുന്നതിന് ടെലികോം റെഗുലേറ്റരി അതോറിറ്റി ഉത്തരവു പുറത്തിറക്കി.
ട്രായിയുടെ ഉത്തരവ് അനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ ബൊക്കെ ആയി നല്‍കുന്ന ചാനലുകള്‍ ഉപഭോക്താവ് വാങ്ങേണ്ടതില്ല. പകരം തങ്ങള്‍ക്ക് ഇഷ്ടമുള്ള നൂറു ചാനലുകള്‍ തിരഞ്ഞെടുക്കാം. എന്നാല്‍ പേ ചാനലുകള്‍ക്ക് പ്രത്യേക വില നല്‍കണം.

60 ദിവസത്തിനുള്ളില്‍ തങ്ങളുടെ ചാനലുകള്‍ സൗജന്യമാണോ, അല്ലെങ്കില്‍ നിരക്ക് എത്രയാണെന്നോ തീരുമാനിക്കാന്‍ ചാനല്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ട്രായ്. ഈ നിരക്ക് ട്രായ് അനുവദിച്ചതില്‍ കൂടാന്‍ പാടില്ല. ചാനല്‍ നിരക്ക് തയ്യാറായി കഴിഞ്ഞാല്‍ പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും തീരുമാനിക്കാന്‍ വിതരണക്കാര്‍ക്ക് 180 ദിവസം നല്‍കിയിട്ടുണ്ട്.


ഉത്തരവു പ്രകാരം പേ ചാനലുകളില്‍ പൊതുവിനോദ പരിപാടികള്‍ (ജിഇസി) നല്‍കുന്നവയ്ക്കു പരമാവധി നിരക്ക് മാസം 12 രൂപയാണ്. ഇന്‍ഫൊടെയിന്‍മെന്റ് (9), സിനിമ (10), കിഡ്‌സ് (7), ന്യൂസ് (5), സ്‌പോര്‍ട്‌സ് (19), ആധ്യാത്മികം (3) എന്നിങ്ങനെയാണ് മറ്റ് ചാനല്‍ നിരക്കുകള്‍. കമ്പനികള്‍ക്ക് ഈ നിരക്ക് കുറയ്ക്കാം. കൂട്ടാന്‍ പാടില്ല.
അടിസ്ഥാന പാക്കേജായ 100 ചാനലില്‍ എസ്ഡി. (സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷന്‍), എച്ച്ഡി., പ്രീമിയം ചാനലുകള്‍ എത്ര വീതം വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഒരു എച്ച്ഡി. ചാനല്‍ രണ്ട് എസ്ഡി. ചാനലിന് സമമായിരിക്കും. 130 രൂപ എന്ന അടിസ്ഥാന വില കൂടാതെ പ്രീമിയം ചാനലുകളുടെ അധിക തുക പ്രത്യേകം നല്‍കേണ്ടി വരും. തുടര്‍ന്നുള്ള ഓരോ 25 സൗജന്യ ചാനലുകളുടെ പാക്കേജിന് 20 രൂപയും നികുതിയും നല്‍കണം. സൗജന്യ ചാനലുകളും പേ ചാനലുകളും ഒരു പാക്കേജില്‍ പാടില്ല. ഒരേ ചാനലിന്റെ എസ്ഡി., എച്ച്ഡി. പതിപ്പുകളും ഒരു പാക്കേജില്‍ ഉണ്ടാവരുത്.

RELATED STORIES

Share it
Top