തിരച്ചില്‍ തുടരുന്നു; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കായി നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹം കൂടി കണ്ടെടുത്തു. കോസ്റ്റ്ഗാര്‍ഡിന്റെ സമര്‍, സങ്കല്‍പ് എന്നീ കപ്പലുകള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരു മൃതദേഹം വിഴിഞ്ഞത്ത് നിന്നു 180 നോട്ടിക്കല്‍ മൈല്‍ അകലെയും മറ്റൊന്ന് കൊച്ചി, വൈപ്പിന്‍ മേഖലയുടെ തീരത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാനായിട്ടില്ല. ഇന്നലെ രാത്രിയോടെ കടലില്‍ നിന്നു കരയിലെത്തിച്ച രണ്ടു മൃതദേഹങ്ങളും എറണാകുളം ജനറല്‍ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. നാവികസേന നടത്തിയ തിരച്ചിലില്‍ കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയ റഹ്മത്ത്, മാസ്റ്റര്‍ ജൂഡ് എന്നീ രണ്ടു ബോട്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ നേതൃത്വത്തില്‍ ഇന്നലെയും കടലില്‍ തിരച്ചില്‍ നടത്തി. നേവിയുടെ ഒമ്പതു കപ്പലുകളും പി81 എയര്‍ക്രാഫ്റ്റുമാണ് ഇന്നലെ തിരച്ചിലില്‍ പങ്കെടുത്തത്. മോര്‍ച്ചറി സൗകര്യങ്ങളുമായി നേവിയുടെ ഐഎന്‍എസ് സുജാത ഇന്നലെ പുലര്‍ച്ചെ വിഴിഞ്ഞത്തു നിന്ന് ഉള്‍ക്കടലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാലു മല്‍സ്യത്തൊഴിലാളികളും ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍ രാജും നേവിക്കൊപ്പം കപ്പലില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍എസ് സുഭദ്ര നടത്തിയ തിരച്ചിലില്‍ ലക്ഷദ്വീപിലെ ബിത്ര ദ്വീപിനു സമീപം രണ്ടു മല്‍സ്യബന്ധന ബോട്ട് കണ്ടെത്തി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഈ ബോട്ടുകളില്‍ 12 മല്‍സ്യത്തൊഴിലാളികളുമുണ്ട്. ഇവരുടെ അഭ്യര്‍ഥനപ്രകാരം 1500 ലിറ്റര്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയതായും നാവികസേന അറിയിച്ചു. കപ്പല്‍ നടത്തിയ തിരച്ചിലില്‍ രണ്ടു മല്‍സ്യബന്ധന ബോട്ടുകള്‍ കടലില്‍ മറിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അണ്ണൈ, എവിഎം ഇപി തുറൈ എന്നീ ബോട്ടുകളാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

RELATED STORIES

Share it
Top