തിയേറ്ററില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

എടപ്പാള്‍: സിനിമാ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ മാതാവിനൊപ്പമിരുന്ന 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. പാലക്കാട് തൃത്താ—ല സ്വദേശി മൊയ്തീന്‍കുട്ടി (45) ആണ് പിടിയിലായത്.സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താതെ മറച്ചുവച്ച ചങ്ങരംകുളം എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ കെ ജി ബേബിയെയാണ് മധ്യമേഖലാ പോലിസ് ഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ദിവസങ്ങള്‍ക്കു മുമ്പ് എടപ്പാളിലെ ശാരദാ മൂവീസിലായിരുന്നു സംഭവം. ടാക്കീസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉടമകള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസിടിവി പരിശോധിച്ച ശേഷം ഇതില്‍ ആവശ്യമായ നടപടിയെടുക്കാന്‍ ചങ്ങരംകുളം പോലിസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പോലിസ് ഇടപെട്ട് പരാതി പൂഴ്ത്തിവച്ചെന്ന ആരോപണമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.
ഇന്നലെ ഒരു ചാനല്‍ പീഡന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ പുറത്തുവിട്ടതോടെയാണ് പോലിസ് രംഗത്തെത്തിയത്. ഇതോടെയാണ് തൃത്താല സ്വദേശിയായ പ്രതിയെ വൈകീട്ടോടെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെന്നാണ് വിവരം. വിദേശത്തായിരുന്ന ഇയാള്‍ അടുത്താണ് നാട്ടിലെത്തിയത്. ചൈല്‍ഡ്‌ലൈന്‍ പോലിസിന് നല്‍കിയ പരാതി പോലിസ് ബോധപൂര്‍വം മറച്ചുവച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പീഡനശ്രമത്തിനിരയായ പെണ്‍കുട്ടിയും മാതാവും പിടിയിലായയാളുടെ കാറിലാണു സിനിമയ്‌ക്കെത്തിയിരുന്നതെന്നാണറിയുന്നത്. കേസിന്റെ തുടരന്വേഷണം ദക്ഷിണ മേഖലാ ഡിഐജിക്ക് കൈമാറിയതായാണ് അറിയുന്നത്.

RELATED STORIES

Share it
Top