തിയേറ്ററിലെ ബാലികാ പീഡനംവാര്‍ത്ത പുറംലോകത്തെത്തിച്ചത് ധന്യ ആബിദിന്റെ നീക്കങ്ങള്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: തിയേറ്ററിലെ ബാലികാ പീഡനത്തിന്റെ വാര്‍ത്ത പുറംലോകത്തെ അറിയിച്ച് മാതൃകയായത് സ്‌കൂള്‍ കൗണ്‍സലേഴ്‌സ് നേതാവ് ധന്യ ആബിദ്. മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. മാറഞ്ചേരി സ്‌കൂള്‍ കൗണ്‍സലര്‍ ധന്യ ആബിദിന്റെ നിര്‍ണായക ഇടപെടലിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറത്തുവന്നത്. ഒപ്പം സഹായിക്കാനായി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ശിഹാബുമുണ്ടായിരുന്നു.
തിയേറ്ററിലെ പീഡനം ഒരു ബന്ധു വഴി അറിഞ്ഞ സ്‌കൂള്‍ കൗണ്‍സലേഴ്‌സ് സംസ്ഥാന സെക്രട്ടറി ധന്യ ആബിദ്, പൊന്നാനി ചൈല്‍ഡ്‌ലൈന്‍ ഓഫിസിന്റെ സഹായം തേടുകയായിരുന്നു. ഏപ്രില്‍ 21ന് എടപ്പാളിലെ ശാരദാ തിയേറ്ററില്‍ പോയാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടതെന്ന് ധന്യ ആബിദ് പറഞ്ഞു. ഏപ്രില്‍ 18നാണ് 10 വയസ്സുകാരി തിയേറ്ററില്‍ വച്ച് പീഡിപ്പിക്കപ്പെടുന്നത്.
ധന്യ ചൈല്‍ഡ്‌ലൈന്‍ പൊന്നാനി സബ് ഓഫിസ് കോ-ഓഡിനേറ്റര്‍ ശിഹാബിനെയും കൂട്ടി ഉച്ചയ്ക്ക് മൂന്നുമണിയോടെ തിയേറ്ററില്‍ പോയി ദൃശ്യങ്ങള്‍ കാണുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് തരിച്ചുപോയ ഇവര്‍ ഇത് പെന്‍ഡ്രൈവില്‍ വാങ്ങുകയും ചെയ്തു. ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ആദ്യം വിസമ്മതിച്ചിരുന്നു.
സംഭവം പുറത്തറിഞ്ഞാല്‍ ബിസിനസിനെ മോശമായി ബാധിക്കുമെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് ഉടമകളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ധന്യ. പോലിസില്‍ പരാതിപ്പെടും മുമ്പേ കുട്ടി അയാളുടെ കൈയില്‍ അകപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യതകള്‍ അന്വേഷിച്ചു. കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമമായിരുന്നു മൂന്നുദിവസം. പലവഴിക്ക് ശ്രമിച്ചെങ്കിലും ഇവര്‍ക്ക് കുട്ടിയെയോ അമ്മയെയോ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഏപ്രില്‍ 26ന് ബുധനാഴ്ച ശിഹാബ് ചങ്ങരംകുളം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയെ കണ്ടെത്തിയശേഷം കുട്ടിയുടെ മൊഴിയുടെ സാന്നിധ്യത്തില്‍ പോലിസില്‍ പരാതി നല്‍കാനായിരുന്നു ധന്യയുടെ ശ്രമം. പ്രതിയുടെ കാര്‍ നമ്പര്‍ വച്ച് ഫേസ്ബുക്ക് പ്രൊഫൈല്‍ കണ്ടെത്തി. അതില്‍നിന്നു പ്രതി സാമ്പത്തികശേഷിയും രാഷ്ട്രീയസ്വാധീനവുമുള്ള ആളാണെന്ന് ഇവര്‍ക്കു മനസ്സിലായി.
വിഷയം അറിഞ്ഞ ഉടന്‍ തന്റെ പഞ്ചായത്തിന്റെയോ സ്‌കൂളിന്റെയോ പരിധിയില്‍ പെടാതിരുന്നിട്ടും ധന്യ ആബിദ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് സംഭവം പ്രദേശത്തെ കൗണ്‍സിലര്‍ ദീപ്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
രണ്ടാഴ്ചയോളം പോലിസ് സംഭവം ഗൗരവത്തിലെടുത്തില്ല. പ്രതിയുടെ സ്വാധീനത്തില്‍പ്പെട്ട് അന്വേഷണം മന്ദഗതിയിലാക്കി. ഇതോടെ, മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നെന്നു ധന്യ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രതിയെ പോലിസിനു പിടികൂടേണ്ടിവന്നു.

RELATED STORIES

Share it
Top