തിയേറ്ററിലെ പീഡനം; പെണ്‍കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുന്നു

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലിസ് ചോദ്യംചെയ്യുന്നു. അമ്മയുടെ അറിവോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഇന്നലെ പിടിയിലായിരുന്നു.


അമ്മയുടെ മൗനാനുവാദത്തോടെയാണ് തിയേറ്ററിനകത്ത് സിനിമ നടന്നുകൊണ്ടിരിക്കെ മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. മൊയ്തീന്‍കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഇന്ന് ഹാജരാക്കും. എടപ്പാളിലെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18ന് ആണ് സംഭവം നടന്നത്. തിയേറ്ററിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലിസില്‍ പരാതിനല്‍കിയിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. സംഭവത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ദുബയിലും ഷൊര്‍ണൂരിലും ജ്വല്ലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്ലസ്ടു, ഡിഗ്രി ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ കൂടി ഈ സ്ത്രീക്കുണ്ട്.

RELATED STORIES

Share it
Top