തിയേറ്ററിനുള്ളില്‍ ബാലികക്ക് പീഡനം; ഡിവൈഎസ്പിക്കെതിരേ കേസെടുക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മലപ്പുറം ചങ്ങരംകുളത്ത് പത്തുവയസ്സുകാരിയായ ബാലികയെ തിയേറ്ററിനുള്ളില്‍വച്ച്  ക്രൂരമായി പീഡിപ്പിച്ച സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ്   രമേശ് ചെന്നിത്തല. പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലിസിന്റെ മുഖം ഇതോടെ കൂടുതല്‍  വികൃതമായിരിക്കുകയാണ്. കഴിഞ്ഞ 26ന് പോലിസില്‍ പരാതി  ലഭിച്ചിട്ടും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഡിവൈഎസ്പിയും സ്‌റ്റേഷന്‍ ഹൗസ്  ഓഫിസറും പ്രതിയുമായി ചേര്‍ന്ന്  ഗൂഢാലോചന നടത്തി കേസെടുക്കാന്‍ വൈകിപ്പിച്ചതിന് ഐപിഎസി 217 പ്രകാരവും, ഐപിസി 120 ബി പ്രകാരവും, പോസ്‌കോ നിയമപ്രകാരവും  കേസെടുക്കണമെന്നും  പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കേരളത്തിലെ പോലിസ് നാഥനില്ലാ കളരിയായി മാറിയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചങ്ങരംകുളത്തെ സംഭവം. സംഭവത്തിന്റെ ദൃശ്യമുള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടെ തിയേറ്റര്‍ ഉടമ  നല്‍കിയിട്ടും കേസെടുക്കാതിരുന്നത് ലജ്ജാകരമാണ്. ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്.
കേരളം ക്രിമനലുകളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയം വീണ്ടും വീണ്ടും വെളിവാക്കുന്നതാണ് ചങ്ങരംകുളത്ത് നടന്ന നീചമായ ഈ സംഭവമെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.

RELATED STORIES

Share it
Top