തിയേറ്റര്‍ പീഡനം: നിഷ്‌ക്രിയരായി പോലിസ്

കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: എടപ്പാളിലെ തിയേറ്റര്‍ പീഡനത്തില്‍ പ്രതി മൊയ്തീന്‍കുട്ടിയെ രക്ഷിക്കാന്‍ പോലിസ് കള്ളക്കളികള്‍ തുടരുന്നു. നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ദുര്‍ബലമാക്കാനാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ശ്രമം. ധനാഢ്യനായ പ്രതിയെ സഹായിക്കാന്‍ രാഷ്ട്രീയനേതാക്കളും പാര്‍ട്ടികളും രംഗത്തുണ്ട്. ഭരണപക്ഷത്തെ പ്രമുഖ പാര്‍ട്ടിയിലേക്കാണ് സംശയങ്ങള്‍ നീളുന്നത്.
മൊയ്തീന്‍കുട്ടിക്കെതിരേയുള്ള കേസില്‍ നിര്‍ണായക വകുപ്പ് ചേര്‍ത്തില്ലെന്നാണു പരാതി ഉയര്‍ന്നത്. ജില്ലാ ശിശുക്ഷേമ സമിതി പരാതിയില്‍ നിര്‍ദേശിച്ച ഗുരുതരമായ പോക്‌സോ 5 (എം) വകുപ്പാണ് പോലിസ് മനപ്പൂര്‍വം ഒഴിവാക്കിയത്.  പകരം 9, 10, 16 എന്നീ ദുര്‍ബലമായ വകുപ്പുകളാണു ചേര്‍ത്തത്.
ഇത് കേസിനെ ദുര്‍ബലമാക്കുമെന്നും പ്രതിക്ക് വേഗത്തില്‍ ജാമ്യം ലഭിക്കാനും ശിക്ഷ കുറയാനും കാരണമാവുമെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മൊയ്തീന്‍കുട്ടിക്കെതിരേ പോക്‌സോ 5 (എം) വകുപ്പ് ചുമത്തണമെന്ന ആവശ്യമുന്നയിച്ച് ജില്ലാ ശിശുക്ഷേമ സമിതി വീണ്ടും ആഭ്യന്തരവകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
കേസിന്റെ ആരംഭം മുതല്‍ ചങ്ങരംകുളം പോലിസും തിരൂര്‍ ഡിവൈഎസ്പിയും തുടര്‍ന്ന മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. പരാതി നല്‍കിയിട്ടും ദൃശ്യങ്ങടക്കം ഹാജരാക്കിയിട്ടും പോലിസ് കേസെടുക്കാനോ പ്രതികളെ തിരയാനോ ശ്രമിച്ചില്ല. കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

RELATED STORIES

Share it
Top