തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് ചട്ടങ്ങള്‍ പാലിക്കാതെ; ഐജി റിപോര്‍ട്ട് നല്‍കി

തിരുവനന്തപുരം/പൊന്നാനി: തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ത് തന്റെ അറിവോടെയല്ലെന്ന് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍. അറസ്റ്റിനുള്ള നടപടികള്‍ സ്വീകരിച്ചത് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി വര്‍ഗീസാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഐജി നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. സതീശനെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന കാര്യം മലപ്പുറം എസ്പിക്ക് അറിയാമായിരുന്നു. അറസ്റ്റില്‍ നിയമപരമായ അപാകതയില്ലെന്ന എസ്പിയുടെ വിശദീകരണവും റിപോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപോര്‍ട്ട് ഡിജിപി നിയമോപദേശത്തിനായി കൈമാറി. അറസ്റ്റ് നിയമവിരുദ്ധവും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയുമാണെന്ന നിഗമനത്തിനു ബലം നല്‍കുന്നതാണ് ഐജിയുടെ റിപോര്‍ട്ട്.
തിയേറ്റര്‍ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതില്‍ രണ്ടുതരത്തിലുള്ള ചട്ടലംഘനമുണ്ടായെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പീഡനവിവരം പോലിസിനെ അറിയിക്കാന്‍ വൈകി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്‌സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വാറന്റോ കോടതി അനുമതിയോ വേണം. ഇത് ഇല്ലെന്നതാണ്  പ്രധാന ചട്ടലംഘനം.
ഇനി അറസ്റ്റ് നിയമവിധേയമാണെങ്കില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് നിയമവിരുദ്ധമാണ്. അറസ്റ്റ് വിവാദമായതോടെ തടിയൂരാന്‍ വേണ്ടിയാണ് ജാമ്യം നല്‍കിയതെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ ചുമത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കാനായിരുന്നു നീക്കം.
തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ശാസിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ, തൃശൂര്‍ റേഞ്ച് ഐജിയോടും മലപ്പുറം എസ്പിയോടും റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ശരിയായ രീതിയിലല്ല നടന്നതെന്ന് ബെഹ്‌റ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top