തിമര്‍ത്തു പെയ്ത് മഴ; റോഡുകളില്‍ വന്‍ ഗര്‍ത്തം

കോഴിക്കോട്: കനത്ത കാലവര്‍ഷത്തില്‍ നഗരത്തിലെ റോഡുകളില്‍ പാതാള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. റോഡുകളിലെ വലിയ കുഴികളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതും ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവ് കാഴ്ച. ഏറെ സാങ്കേതികത്വത്തോടെ പണിത് മാതൃകയായ പുതിയ ആറു റോഡുകളില്‍ ഒന്നായ സ്‌റ്റേഡിയം-പുതിയറ ജങ്ഷനിലും കുഴി.
സ്റ്റേഡിയം ജങ്ഷനില്‍ നിന്നും പാത ആരംഭിക്കുന്നിടത്തെ വലിയ കുഴി ഏറെ അപകടങ്ങളാണ് വരുത്തുന്നത്. പൊതുമരാമത്ത് വകുപ്പിനെയും വാട്ടര്‍ അതോറിറ്റിയെയും സമീപത്തെ വസ്ത്ര വ്യാപാരികളടക്കം കുഴി രൂപപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പടുത്തിയിരുന്നു. എന്നാല്‍ രണ്ടു വകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരിനില്‍ക്കുകയല്ലാതെ കുഴിമൂടുന്നതിനായി രംഗത്തുവന്നതുമില്ല. മികച്ച റോഡുകളിലൊന്നായിരുന്ന മീഞ്ചന്ത മിനി ബൈപ്പാസില്‍ പുതിയറ മുതല്‍ മീഞ്ചന്ത വരെ ഒട്ടേറെ ഇടങ്ങളില്‍ കുണ്ടും കുഴിയുമായി റോഡുകള്‍ പറ്റെ തകര്‍ന്നു.
ഇതുകാരണം വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങേണ്ടതായും വരുന്നു. കുഴിയിലും വെള്ളക്കെട്ടുകളിലും വാഹനങ്ങല്‍ കുടുങ്ങുന്നതിനെതുടര്‍ന്ന് ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുന്നു. മാങ്കാവ് ശ്മശാനത്തിനു സമീപം സ്ഥിരമായി റോഡ് പൊളിയുന്ന സ്ഥലത്ത് ഈ മഴയിലും റോഡ് തകര്‍ന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് കുഴിച്ച ഇവിടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാരും രാഷ്ട്രീയ സംഘടനകളും ശക്തമായ പ്രക്ഷോഭം നടത്തിയതിനെതുടര്‍ന്ന് റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കിയതായിരുന്നു.
ഈ ഭാഗത്ത് രണ്ടു വരിയായുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു കാരണം ചെറിയ മാങ്കാവ് ജങ്ഷനിലും ഗതാഗത തടസ്സം അഴിയാക്കുരുക്കായി. ചെറിയ മാങ്കാവില്‍ നിന്നും കൊമ്മേരിയിലേക്കും തളിക്കുളങ്ങരയിലേക്കും പട്ടേല്‍താഴത്തേക്കും മറ്റും പോകുന്ന ചെറിയ റോഡ് തുടങ്ങുന്നിടത്ത് ബൈപ്പാസില്‍ ജലവകുപ്പും ജപ്പാന്‍ കുടിവെള്ളക്കാരം അറ്റകുറ്റപണിക്കായി കുഴിച്ച കുഴി മൂടാതെ കിടക്കുന്നു.
റോഡില്‍ വലിയ വെള്ളക്കെട്ടാണുള്ളത്. മിനി ബൈപ്പാസിലെ ഇഷ്ടികകള്‍ പതിച്ച കാല്‍നട യാത്രക്കാര്‍ക്കുള്ള ഇടനാഴികളില്‍ പലയിടത്തും ടൈലുകള്‍ ഇടിഞ്ഞുതാഴ്ന്നത് കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി.
മീഞ്ചന്ത ബൈപ്പാസില്‍ ചെറിയ മാങ്കാവ് ജങ്ഷനിലും ശുദ്ധജല പൈപ്പ് പൊട്ടിക്കിടന്ന് വെള്ളം ഒഴുകുന്നുണ്ട്. റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്ത് യാത്രായോഗ്യമാക്കിയില്ലെങ്കില്‍ റോഡ് തന്നെ പൂര്‍ണ്ണമായും തകര്‍ന്നുപോയേക്കാവുന്ന അവസ്ഥയാണുണ്ടാവുക.

RELATED STORIES

Share it
Top