തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രളയബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലുള്ള തടസ്സവും ഹര്‍ത്താല്‍ മൂലം ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനാണ് ഹര്‍ത്താലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലിനോടനുബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ദേശീയതലത്തിലാണ് സിപിഎമ്മും സിപിഐയും ഹര്‍ത്താല്‍ നടത്തുന്നത്. മുഴുവന്‍ ഇടതു സംഘടനകളും ഹര്‍ത്താലുമായി സഹകരിക്കുന്നുണ്ട്. ദുരിതാശ്വാസ വാഹനങ്ങളെയും ടൂറിസം മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
ഹര്‍ത്താലില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളും പങ്കെടുക്കും. ഭാരത് ബന്ദിന് അനുഭാവം പ്രകടിപ്പിച്ച് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനമെടുത്തു.

RELATED STORIES

Share it
Top