താഴ്‌വരയിലെ പേരറിയാത്ത പെണ്‍കുട്ടികള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 8


കെ എ സലിം

റിയാസ് അഹ്മദ് ഖാന്‍ തുടര്‍ന്നു: അവരെന്നെ കെട്ടിത്തൂക്കി മര്‍ദിച്ചു. അല്‍പം കഴിഞ്ഞ് താഴെയിറക്കി വീണ്ടും കെട്ടിത്തൂക്കി. പുലര്‍ച്ചെ രാവിലെ 9:30 വരെ ഇതു തുടര്‍ന്നു. അല്‍പം കഴിഞ്ഞപ്പോള്‍ പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് സിങ് അവിടെ വന്നു. അയാള്‍ എന്നെ കൊണ്ടുപോയി. അടുത്തത് അവരുടെ ഊഴമായിരുന്നു. അവര്‍ എന്നെ തലകീഴായി കെട്ടിത്തൂക്കി. കാലില്‍ റോളര്‍വച്ച് ഉരുട്ടി. ശേഷം ജീവച്ഛവമായ എന്നെ മുസ്‌ലിം മുജാഹിദീന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി.
നിങ്ങള്‍ എന്താ ഇതുവരെ അവനെ കൊല്ലാത്തത്. എന്നെ കണ്ട നബാ ആസാദ് ചോദിച്ചു. സൈന്യവും പോലിസും കൊണ്ടുപോയതിനാല്‍ സാധിച്ചില്ലെന്നായിരുന്നു പിന്‍ജിന്നിന്റെ മറുപടി. എന്നാലിന്ന് കൊന്നേക്ക്. നബാ ആസാദ് പറഞ്ഞു. അന്ന് വൈകീട്ട് അവര്‍ എന്നെ ഒരു കസേരയില്‍ കെട്ടിയിട്ടു. മുഖത്തേക്ക് തിളച്ച ചായയൊഴിച്ചു. സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ ഓപറേഷന്‍ വിഭാഗം എസ്പി എത്തി. എവിടെ പയ്യന്‍? അയാള്‍ പിന്‍ജിന്നിനോട് ചോദിച്ചു.

[caption id="attachment_429040" align="alignnone" width="560"] ഷമീമ ബാനു, മെഹ്‌റൂജുദ്ദീന്‍ ദര്‍[/caption]

അവനെ കൊല്ലാന്‍ പോവുകയാണെന്നായിരുന്നു മറുപടി. അടുത്തത് അവരായിരിക്കുമെന്ന് ഞാന്‍ കരുതി. അല്ലായിരുന്നു. ഇനിയും അവനെ തൊട്ടാല്‍ നിന്നെയായിരിക്കും ഞാന്‍ കൊല്ലുകയെന്ന് എസ്പി പിന്‍ജിന്നിനോട് പറഞ്ഞു. എന്റെ അമ്മാവന്‍ മുഹമ്മദ് അഷ്‌റഫ് ഖാന്‍ മുന്‍ മന്ത്രിയായിരുന്നു. അമ്മാവന്റെ പരാതിപ്രകാരം ഗവര്‍ണര്‍ അയച്ചതായിരുന്നു എസ്പിയെ. എസ്പി എന്നെ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. വൈകീട്ട് കുടുംബത്തിനു കൈമാറി. കുറെനാള്‍ ശ്രീനഗറില്‍ ചികില്‍സയിലായിരുന്നു ഞാന്‍. അവിടെ നിന്നു ബംഗളൂരുവിലേക്ക് പോയി- റിയാസ് പറഞ്ഞുനിര്‍ത്തി.
കനബല്‍ മാത്രമല്ല, പഠാനിലെ പല്‍ഹലന്‍ ഗ്രാമത്തിലുള്ള താപ്പര്‍ സൈനിക ക്യാംപ്, ഗുപ്കര്‍ റോഡിലെ പാപാ ടു നിരവധി പീഡന കേന്ദ്രങ്ങളുണ്ടായിരുന്നു കശ്മീരില്‍. ഇതു കൂടാതെ ഈ ക്യാംപുകള്‍ക്കു കീഴില്‍ വരുന്ന ഡസന്‍ കണക്കിന് ചെറു ക്യാംപുകളും. അവയിലായിരിക്കണം കശ്മീരിലെ ആറായിരത്തോളം യുവാക്കള്‍ സൈന്യം പിടിച്ചുകൊണ്ടു പോയ ശേഷം ശൂന്യതയില്‍ മറഞ്ഞുപോയത്. അതില്‍ ടേങ്‌പോരയിലെ നസീമാ ബാനുവിന്റെ ഭര്‍ത്താവ് മെഹ്‌റാജുദ്ദീന്‍ ദറുമുണ്ടായിരിക്കണം.

1997 ഏപ്രിലില്‍ ടേങ്‌പോരയിലെ വീട്ടില്‍ നിന്നു സൈന്യം പിടിച്ചുകൊണ്ടു പോയതായിരുന്നു മെഹ്‌റാജിനെ. ടേങ്‌പോരയിലെ ചെറിയ വീട്ടില്‍ പിതാവിനെ ഒരിക്കലും കാണാത്ത മകള്‍ ഷബ്‌നത്തിനൊപ്പമിരുന്ന് നസീമാ ബാനു മെഹ്‌റാജിനെക്കുറിച്ചു പറഞ്ഞു. മകന്‍ സാഹിലിന് അന്ന് ആറുവയസ്സായിരുന്നു പ്രായം. ഷബ്‌നത്തെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. രാത്രിയെത്തിയ സൈന്യം ഞങ്ങളെയെല്ലാം മുറിയില്‍ പൂട്ടിയിട്ട് മെഹ്‌റാജിനെ പിടിച്ചുകൊണ്ടു പോയി. സൈനിക വാഹനത്തിലേക്ക് മെഹ്‌റാജിനെ കയറ്റുന്നതാണ് അവസാനത്തെ കാഴ്ച. മെഹ്‌റാജിനെത്തേടി പിന്നെ ഞങ്ങള്‍ പോവാത്ത സ്ഥലങ്ങളില്ല.

പോലിസ് സ്‌റ്റേഷനില്‍, സൈനിക ക്യാംപുകളില്‍. ഒരുനാള്‍ ചിലര്‍ വീട്ടിലെത്തി. മെഹ്‌റാജ് എവിടെയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും ആറു ലക്ഷം തന്നാല്‍ തിരികെയെത്തിക്കാമെന്നും അവര്‍ പറഞ്ഞു. സൈന്യത്തിന്റെ ആളുകളായിരുന്നു അവര്‍. കൊടുക്കാന്‍ കൈയില്‍ പണമില്ലായിരുന്നു. മെഹ്‌റാജിന്റെ ചെറിയ ജോലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയായിരുന്നു ഞാന്‍. എനിക്ക് കുടുംബ സ്വത്തായി കിട്ടിയ അല്‍പം ഭൂമി വിറ്റു. മെഹ്‌റാജിന്റെ സ്വത്തുക്കളും വിറ്റു ആറു ലക്ഷം സംഘടിപ്പിച്ചു നല്‍കി. എന്നാല്‍, മെഹ്‌റാജ് തിരിച്ചുവന്നില്ല. പണം വാങ്ങിയ അവരെ പിന്നീട് കണ്ടതുമില്ല. കാണാതാവുമ്പോള്‍ 25 വയസ്സു മാത്രമായിരുന്നു മെഹ്‌റാജിന് പ്രായമെന്ന് മെഹ്‌റാജിന്റെ മാതാവ് അര്‍ഹദ് ബേഗം പറഞ്ഞു. എനിക്ക് എന്റെ മകനെ വേണം. അവനെക്കുറിച്ച് സംസാരിക്കാന്‍ പലരും വന്നു. ഓരോരുത്തര്‍ വരുമ്പോഴും അവന്‍ തിരിച്ചുവരുമെന്നു ഞാന്‍ കരുതും. വെറുതെയായിരുന്നു. അവന്‍ തിരിച്ചുവന്നില്ല. അവനിപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കണം. സര്‍ക്കാര്‍ പണം തരാമെന്നു പറഞ്ഞു. എനിക്ക് വേണ്ട. അവനെ തിരിച്ചു കിട്ടിയാല്‍ മതി.

മെഹ്‌റാജിനെ കാണാതായ അന്ന് ഗ്രാമത്തില്‍ നിന്ന് മൂന്നു യുവാക്കളെക്കൂടി കാണാതായി. ബന്ദിപൊരയിലെ പേരറിയാത്ത ആ പെണ്‍കുട്ടിയുടെ കഥ കൂടി കേള്‍ക്കുക. സുന്ദരിയായിരുന്നു അവള്‍. 1992ലെ ഫെബ്രുവരിയിലെ ഒരു ദിവസം പ്രദേശത്തെ ഇഖ്‌വാന്‍ കമാന്‍ഡര്‍ അബ്ദുല്‍ റഷീദ് പഹ്‌ലു അവളുടെ വീട്ടിലെത്തി. ഇഖ് വാന്‍ പ്രവര്‍ത്തകനായ മുഹമ്മദ് മുസഫ്ഫര്‍ ഹജം അവളുടെ അയല്‍ക്കാരനായിരുന്നു. അവരിലൂടെയാണ്് പഹ്‌ലു പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞത്. വീട്ടുകാരെ തോക്കുചൂണ്ടി മാറ്റിനിര്‍ത്തിയ പഹ്‌ലു അവളെ മറ്റൊരു മുറിയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. എന്താണ് മുറിയില്‍ സംഭവിച്ചതെന്ന് കുടുംബം ആരോടും പറഞ്ഞില്ല. പഹ്‌ലു പിന്നെയും വന്നു. മാസങ്ങളോളം അത് തുടര്‍ന്നു. ഒരുനാള്‍ പഹ്‌ലുവിനു പകരം വന്നത് മറ്റൊരു ഇഖ്‌വാന്‍ കമാന്‍ഡറായ ബഷീര്‍ അഹ്മദ് റാത്തറാണ്. അയാള്‍ക്കും അവളെ വേണമായിരുന്നു. അയാള്‍ അവളെ മറ്റൊരു മുറിയിലേക്ക് പിടിച്ചുകൊണ്ടു പോയി. എല്ലാം സമ്മതിക്കാം, എനിക്കൊരു ഹാന്‍ഡ് ഗ്രനേഡ് തരൂ എന്ന് പെണ്‍കുട്ടി പറഞ്ഞു. ബഷീര്‍ ഗ്രനേഡ് നല്‍കി. പെട്ടെന്ന് പെണ്‍കുട്ടി ഗ്രനേഡിന്റെ സേഫ്റ്റി പിന്‍ വലിച്ചൂരി. പേടിച്ചുവിറച്ച ബഷീര്‍ എല്ലാം വാരിയെടുത്ത് പുറത്തേക്ക് പാഞ്ഞു. ഗ്രനേഡ് വീട്ടുകാര്‍ സൂക്ഷിച്ചു വച്ചു.

പെണ്‍കുട്ടി തന്റെ കൈയില്‍ നിന്നു ഗ്രനേഡ് തട്ടിയെടുത്തെന്നായിരുന്നു ബഷീര്‍ ഇതേക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞത്. ഗ്രനേഡിനായി അവര്‍ വീട് നിരന്തരം റെയ്ഡ് ചെയ്തു. പെണ്‍കുട്ടിയെയും കുടുംബത്തെയും ക്രൂരമായി മര്‍ദിച്ചു. ഓരോ തവണ റെയ്ഡിനെത്തുമ്പോഴും അവര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കും ബലാല്‍സംഗവും ചെയ്യും. തുടര്‍ന്ന്, തലകീഴായി വീട്ടില്‍ കെട്ടിത്തൂക്കിയിടും. ഒരു തവണ അതിലെ റോന്ത് ചുറ്റിയിരുന്ന ബിഎസ്എഫ് സംഘം അവളെ തലകീഴായി തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അവര്‍ അവളെ താഴെയിറക്കി. ഇഖ്‌വാനികളാണ് ഇത് ചെയ്തതെന്ന് ബോധ്യമായപ്പോള്‍ ഒന്നും പറയാതെ തിരിച്ചുപോയി. റെയ്ഡും പീഡനവും മൂന്നുമാസത്തോളം തുടര്‍ന്നു. സഹിക്കവയ്യാതെ കുടുംബം ഗ്രനേഡ് തിരികെ നല്‍കി.

വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അപ്പോഴും പീഡനം തുടര്‍ന്നു. അവശയായ അവളെ കുടുംബം ആശുപത്രിയിലെത്തിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ അവള്‍ മരിച്ചു. സംഭവത്തില്‍ സുംബാല്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിപ്പട്ടികയില്‍ റാഷിദ് പഹ്‌ലുവോ ബഷീര്‍ അഹ്മദോ ഉണ്ടായിരുന്നില്ല. തിരിച്ചറിയാനാവാത്ത ചിലരായിരുന്നു പ്രതികള്‍. കേസുമായി മുന്നോട്ടു പോയ സഹോദരനെ 1999ല്‍ പഹ്‌ലു വെടിവച്ചു കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും നീതി തേടി അലയുന്നുണ്ട്.

നാളെ: ശൂന്യത

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 7

RELATED STORIES

Share it
Top