താഴെ ചൊവ്വയില്‍ പുതിയ പാലം യാഥാര്‍ഥ്യമാവുന്നു

കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ താഴെചൊവ്വയില്‍ നിര്‍മിച്ച പുതിയപാലം ഉടന്‍ തുറന്നുകൊടുക്കും. തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ കടത്തിവിടാന്‍ തുടങ്ങി. പാലം പണി ഇതിനകം പൂര്‍ത്തിയായെങ്കിലും അനുബന്ധ ജോലികള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്.
ഈ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്്. താഴെചൊവ്വ പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2017 ഏപ്രില്‍ 12ന് മന്ത്രി ജി സുധാകരനാണ് നിര്‍വഹിച്ചത്. ദേശീയപാതയില്‍ കാനം പുഴക്ക് കുറുകെ നിലവിലുള്ള പാലത്തില്‍നിന്ന് 1.50 മീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് പുതിയ പാലം. 20 മീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാലത്തിന് 1.50 മീറ്റര്‍ വീതിയുള്ള നടപ്പാത ഉള്‍പ്പെടെ 9.80 മീറ്റര്‍ വീതിയുണ്ടാവും. കണ്ണൂര്‍ ഭാഗത്തേക്ക് 70 മീറ്ററും തലശ്ശേരി ഭാഗത്തേക്ക് 30 മീറ്റര്‍ നീളത്തിലുമുള്ള റോഡുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
സര്‍ക്കാര്‍ അനുവദിച്ച 350 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പാലം നിര്‍മിച്ചത്. 1968ല്‍ പണിതതാണ് നിലവിലെ പാലം. ദേശീയപാതയില്‍ കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പര്യാപ്തമാ—ണ് പുതിയ പാലം. കഴിഞ്ഞ ഓണക്കാലത്ത് രാവിലെ ദേശീയപാതയിലെ വാഹനങ്ങളുടെ നീണ്ട വരി തലശ്ശേരി കൂത്തുപറമ്പ് ഭാഗത്തേക്ക് ചാല ബൈപാസ് വരെയും കണ്ണൂര്‍ ഭാഗത്തേക്ക് കാല്‍ടെക്‌സ് വരെയുമായിരുന്നു. സ്വതവേ കുരുക്ക് പതിവായ ദേശീയപാതയില്‍ മഴക്കാലം തുടങ്ങിയതോടെ മുഴുവന്‍ സമയവും ഗതാഗതക്കുരുക്കാണ്.

RELATED STORIES

Share it
Top