താളം നിലയ്ക്കാത്ത നിള: ജില്ലാതല യോഗം ചേര്‍ന്നു

പാലക്കാട്: ഭാരതപ്പുഴ സംരക്ഷണത്തിനായി നിയമസഭാ സ്—പീക്കര്‍ പി ശ്രീരാമകൃഷ് ണന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന താളം നിലയ്ക്കാത്ത നിള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുഴ സംരക്ഷണത്തിന് നടപ്പാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ആദ്യഘട്ടത്തില്‍  സര്‍വേ നടത്തി പുഴ കൈയേറ്റം ഒഴിപ്പിക്കേണ്ടതുണ്ടെന്നും ആധികാരികമായ പഠനത്തിലൂടെ മാത്രമേ അന്തിമ പദ്ധതി തയാറാക്കാനാവൂവെന്നും ജില്ലാ കലക്റ്റര്‍ യോഗത്തില്‍ പറഞ്ഞു. ഗംഗ സംരക്ഷണ പദ്ധതിപോലെ വലിയ പദ്ധതി പുഴയുടെ സംരക്ഷണത്തിനാവശ്യമാണ്. മാലിന്യങ്ങള്‍ തള്ളുന്നതിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. ഭാരതപ്പുഴയിലും പോഷക നദികളിലുമായി ജില്ലയില്‍ മാത്രം ഏഴ് ഡാമുകളാണുള്ളത്.
പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് ഡാമുകള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് പ്രകൃതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ ഇടപെടലാവുമെന്നും ജില്ലാ കലക്റ്റര്‍ പറഞ്ഞു. 2018-19 സംസ്ഥാന ബ്—ജറ്റില്‍ ഭാരതപ്പുഴ സംരക്ഷണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി അനുവദിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജീവന പദ്ധതിയുമായി ഏകോപിപ്പിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.  മാര്‍ച്ച് 28ന് സ്—പീക്കറുടെ ചേംബറില്‍ നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തില്‍ ജില്ലയില്‍ പുഴയുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍ ജില്ലാ കലക്റ്റര്‍ അവതരിപ്പിക്കും. ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top