താല്‍ക്കാലിക മീഡിയന്‍ കുരുക്കാവുന്നു

കാലടി: ടൗണിലെ താല്‍ക്കാലിക മീഡിയന്‍ കൂനിന്മേല്‍ കുരുവായി. കാലടി ടൗണിലെ  പെരുമ്പാവൂര്‍ റോഡില്‍ ശങ്കരാപാലം മുതല്‍ അങ്കമാലി ടൗണ്‍ ജങ്ഷന്‍വരെ ടാര്‍ വീപ്പകള്‍ നിരത്തി താല്‍ക്കാലിക മീഡിയന്‍ ഒരുക്കിയിരിക്കുകയാണ്. വീപ്പകള്‍ തമ്മില്‍ പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ പ്രതിസന്ധിയാണ് തീര്‍ത്തിട്ടുള്ളത്.
വീതികുറഞ്ഞ റോഡില്‍ ബസ്‌സ്‌റ്റോപ്പിലോ മറ്റോ ഒരു വാഹനം നിര്‍ത്തിയാല്‍ പിറകെ വരുന്ന വാഹനങ്ങളെല്ലാം  കടന്നു പോവാനാകാതെ റോഡില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിനു സമീപം ബസ്സില്‍ വന്നിറങ്ങുന്നവര്‍ നടന്ന് ടൗണ്‍ ജങ്ഷനിലെത്തി വേണം റോഡ് മുറിച്ച് കടക്കുവാന്‍. ഇത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഒരു വര്‍ഷം മുമ്പ് റബര്‍ കുറ്റികള്‍ സ്ഥാപിച്ച് മീഡിയന്‍ തീര്‍ത്തിരുന്നുവെങ്കിലും വാഹനങ്ങള്‍ കയറിയും മറ്റും ഇവ നാമാവശേഷമാവുകയാണുണ്ടായത്. ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഉള്ളതിനാല്‍ മീഡിയന്‍ കൂടി വരുമ്പോള്‍ നന്ദേ വീതികുറഞ്ഞ ഭാഗമായി പെരുമ്പാവൂര്‍ റോഡ് മാറുന്നു. അശാസ്ത്രീയമായ പരിഷ്‌കാരം എടുത്തുമാറ്റി ഗതാഗതം സുഗമമാക്കണമെന്നാണ്  യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top