താലൂക്ക് സര്‍വേ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്ക് സര്‍വേ ഓഫിസുകളില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധന നടത്തി. കുട്ടനാട്, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്ക് സര്‍വേ ഓഫിസുകളിലാണ് വിജിലന്‍സ് ഡിവൈഎസ്പി റെക്‌സ് ബോബി അര്‍വിന്റെ നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടന്നത്. അമ്പലപ്പുഴ താലൂക്ക് സര്‍വേ ഓഫിസില്‍ 2,508 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും അഞ്ചു സര്‍വേയര്‍മാര്‍ ഫീല്‍ഡ്‌വര്‍ക്ക് എന്ന കാരണം പറഞ്ഞു ഓഫിസില്‍ വരാതിരിക്കുകയും ഹാജര്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. ഒരു സര്‍വേയര്‍ പരിശോധനാ സമയത്ത് ഓഫിസില്‍ എത്തിയെങ്കിലും എവിടെ ഫീല്‍ഡ് വര്‍ക്കിനു പോയിയെന്നതിനു വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നും വിജിലന്‍സ് പറഞ്ഞു. മൂന്നു സര്‍വേയര്‍മാര്‍ അവരുടെ ഡ്യൂട്ടിയെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും ഓഫിസില്‍ നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് സര്‍വേ ഓഫിസില്‍ 3,905 അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. കാര്‍ത്തികപ്പള്ളി താലൂക്ക് സര്‍വേ ഓഫിസില്‍ 1,431 ഉം കുട്ടനാട് സര്‍വേ ഓഫിസില്‍ 2,181 ഉം അപേക്ഷകള്‍ ദീര്‍ഘകാലമായി തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. അപേക്ഷകള്‍ ദീര്‍ഘകാലമായി തീര്‍പ്പാക്കാത്തത് അഴിമതിക്ക് കളമൊരുക്കുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ താലൂക്ക് സര്‍വേ ഓഫിസുകളിലും സംസ്ഥാന തലത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി ആയിരുന്നു ജില്ലയിലും പരിശോധനകള്‍ നടന്നത്. ജില്ലയിലെ വിവിധ താലൂക്ക് സര്‍വേ ഓഫിസുകളില്‍ പരിശോധനകള്‍ക്ക് സിഐമാരായ ഹരി വിദ്യാധരന്‍, ഋഷികേശന്‍ നായര്‍, കെ എ തോമസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top