താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

ചിറ്റൂര്‍: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ചിറ്റൂര്‍-തത്തമംഗലം നഗരസഭ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശശനം. ആശുപത്രിയില്‍ ജലക്ഷാമം നേരിടുന്നതിന് നടപടി സ്വീകരിക്കുകയോ നഗരസഭയെ അറിയിക്കുകയോ ചെയ്യാതെ മാധ്യമങ്ങളെ അറിയിച്ച ആശുപത്രി സൂപ്രണ്ടിന്റെ നടപടിക്കെതിരെയാണ് ആരോഗ്യ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ജി സദീഖ് അലി വിമര്‍ശനം അഴിച്ചുവിട്ടത്.
ജലക്ഷാമത്തെ സംബന്ധിച്ച് യഥാസമയം സൂപ്രണ്ട് വിവരം നല്‍കിയിലെന്ന് ചെയര്‍പേഴ്‌സനും അറിയിച്ചു.
അണിക്കോട്ടില്‍ മാലിന്യം നിക്ഷേപം വര്‍ധിക്കുന്നതായും കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചു. ഇതു ശരിവച്ചു ഭരണപക്ഷ കൗണ്‍സിലരും രംഗത്തെത്തി. ഇതോടെ, ഭരണകക്ഷിയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ കൗണ്‍സിലമാര്‍ ആരോപിച്ചു.
അണിക്കോട്ടെ ഇറിഗേഷന്‍ കനാലും പരിസരവും മാലിന്യം കുമിഞ്ഞുകൂടുന്നതിനെതിരെ നിരവധി തവണ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കനാല്‍ നന്നാക്കാന്‍ ഇറിഗ്രഷന്‍ വകപ്പിന് നല്‍കാമെന്നും സമീപ ഭാഗം നഗരസഭ മുന്‍കൈയെടുത്ത് ശുചീകരിക്കാമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
സാമൂഹിക സുരക്ഷ പെന്‍ഷന് അപേക്ഷ നല്‍കിയിട്ട് ഒന്‍പത് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ നിരുത്തരവാദിത്വപരമായാണ് ജീവനക്കാര്‍ പെരുമാറുന്നതെന്ന് പി യു പുഷ്പലത കുറ്റപ്പെടുത്തി. നഗരസഭാ പ്രദേശത്ത് വില്‍പന നടത്തുന്ന ഭാക്ഷ്യസാധനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കവിത പറഞ്ഞു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വിയോജിപ്പിനെ തുടര്‍ന്ന് നവീകരിച്ച ചിത്രാഞ്ജലി തിയേറ്ററില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നതും ചിറ്റൂര്‍ പുഴയില്‍ മരണാന്തര കര്‍മം നടത്താന്‍  സ്വകാര്യ വ്യക്തിക്ക് സ്ഥലം വിട്ടു നല്‍കുനുള്ള നടപടിയും ഉപേക്ഷിച്ചു. നഗരസഭാ ചെയര്‍മാന്റെ രാജിയെ തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ കെ എ ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണികണ്ഠന്‍, സുനിത, കെ സി പ്രീത്, ജി സാദീഖ് അലി, ശശിധരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top