താലൂക്ക് ആശുപത്രി നിര്‍മാണം സമയബന്ധിതമായി തീര്‍ക്കും

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി കെ അബ്ദുറബ്ബ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ ഇപ്പോള്‍ പത്ത് കോടിയോളം രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നവംബര്‍ പതിനഞ്ചിന് ശേഷം ഈ പദ്ധതികള്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം നടത്താവുന്ന തരത്തില്‍ ഇവയുടെ നിര്‍മ്മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
നിര്‍മാണം പൂര്‍ത്തിയായ നെഫ്രോളജി യൂണിറ്റിന്റെ ഭാഗമായുള്ള ഡയാലിസിസ് സെന്റര്‍ ഈ മാസം അവസാനം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് വേണ്ട ജീവനക്കാരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നതിന് നേരത്തെയുള്ള തീരുമാനം നടപ്പിലാക്കാനും വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിന് പുതുതായി കണ്ടെത്തിയ കിണറിന്റെ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മെറ്റേണിറ്റി കെട്ടിടത്തില്‍ ലിഫ്റ്റ്, ഫയര്‍ആന്റ് സേഫ്റ്റി സിസ്റ്റം എന്നിവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി.
മോര്‍ച്ചറിയുടെ ഇലക്ട്രിഫിക്കേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ആറ് ഫ്രീസര്‍ സംവിധാനം ഒരുക്കും. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. വെള്ളത്തിനുള്ള പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. പഴയ കെട്ടിടം പൊളിച്ചു നീക്കും. തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, വി വി അബു, സി പി സുഹ്‌റാബി, കക്കടവത്ത് റംല, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം മുഹമ്മദ് കുട്ടി മുന്‍ഷി, കെ എം മൊയ്തീന്‍, കെ രംദാസ് മാസ്റ്റര്‍, കവറൊടി മുഹമ്മദ് മാസ്റ്റര്‍, വി പി കുഞ്ഞാമു, മലയില്‍ പ്രഭാകരന്‍, യു അഹമ്മദ് കോയ, ശശീധരന്‍ പുന്നശ്ശേരി, മോഹനന്‍ വെന്നിയൂര്‍, തിരൂരങ്ങാടി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ടി ജി ശുഭ, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ അജ്മല്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ പി ഹരി, ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ ബഷീര്‍, ടി കെ നാസര്‍, ആശുപത്രി സുപ്രണ്ട് ഡോ.ഷാജഹാന്‍, ഡോ. റഷീദ മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED STORIES

Share it
Top