താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

പറവൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്  താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച്ച രാവിലെ ആദ്യ ഡയാലിസിസിന് തുടക്കം കുറിച്ചു. വാണിയക്കാട് സ്വദേശി ബാബുവിനെയാണ് ഡയാലിസിസിന് വിധേയമാക്കിയത്. ഫിസിഷ്യന്‍ ഡോ.കാ ര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് ചികില്‍സ ആരംഭിച്ചത്.
രണ്ടു ഷിഫ്റ്റുകളായി ഒരു ദിവസം 13 പേര്‍ക്കു ഡയാലിസിസ് ചെയ്യാന്‍ കഴിയും. ആദ്യത്തെ ആഴ്ചയില്‍ ഒരു ദിവസം ഒരാള്‍ക്കു മാത്രമേ ഡയാലിസിസ് ചെയ്യൂ. ഘട്ടം ഘട്ടമായി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു 500 രൂപയുമാണു നിരക്ക്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഒരു കോടി രൂപ മുടക്കിയാണു ഡയാലിസിസ് യൂനിറ്റ് നിര്‍മിച്ചത്. പുതിയ ഓപറേഷന്‍ തിയേറ്ററിനു സമീപം ഒന്നാം നിലയിലാണു സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറെയും രണ്ടു ടെക്‌നീഷ്യന്മാരെയും നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ക്കു പങ്കാളികളാവാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 500 രൂപ സ്‌പോണ്‍സര്‍ ചെയ്താല്‍ ഒരാളുടെ ഡയാലിസിസ് സൗജന്യമായി ചെയ്തുകൊടുക്കും. വീടുകളില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒരു തുക ഈ പദ്ധതിയിലേക്കു നീക്കിവച്ചാല്‍ അനേകം രോഗികള്‍ക്ക് അത് ഉപകാരപ്രദമാവും.
7000 രൂപ സ്‌പോണ്‍സര്‍ഷിപ് ലഭിച്ചാല്‍ ഒരു ദിവസത്തെ ഡയാലിസിസ് രോഗികള്‍ക്കു സൗജന്യമായി ചെയ്തുകൊടുക്കാന്‍ കഴിയും. സ്‌പോണ്‍സര്‍ഷിപ്പ് തുക നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നു നഗരസഭാധ്യക്ഷന്‍ രമേഷ് ഡി കുറുപ്പ് അറിയിച്ചു.രണ്ടു മാസം മുന്‍പു ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തന സജ്ജമായതാണ്. എന്നാല്‍, തുറന്നുകൊടുക്കാന്‍ വൈകി.
ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഔദ്യോഗികമായ ഉദ്ഘാടനം നടക്കാതിരുന്നതിനാലാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതിരുന്നത്.
ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പ്രവര്‍ത്തനം തുടങ്ങിക്കൊള്ളാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണു പ്രവര്‍ത്തനസജ്ജമാക്കാന്‍ നഗരസഭ നടപടികളെടുത്തത്. നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പി എ റോസമ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.

RELATED STORIES

Share it
Top