താലൂക്കിലെ ബസ്സുകളും റൂട്ടുകളും വിറ്റ് ഒഴിവാക്കുന്നതായി അസോസിയേഷന്‍

വടകര: ദിനംപ്രതി വര്‍ധിച്ച് വരുന്ന ഡീസല്‍ വിലവര്‍ദ്ധനവും, നിപാ വൈറസ് രോഗം റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലേക്ക് ജനങ്ങള്‍ യാത്ര ഉപേക്ഷിച്ചതും താലൂക്കിലെ ബസ് സര്‍വ്വീസിനെ നല്ല രീതിയില്‍ ബാധിച്ചതായും, റൂട്ടുകള്‍ ഉപേക്ഷിച്ച് വിറ്റ് പോവേണ്ട അവസ്ഥയാണെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിപാ വൈറസ് രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകള്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ മടിക്കുന്നതിനാല്‍ വടകര-പയ്യോളി-പേരാമ്പ്ര, വടകര-ചാനിയംകടവ്-പേരാമ്പ്ര റൂട്ടിലെ മിക്ക ബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
റമദാന്‍ മാസമായാല്‍ പൊതുവെ യാത്രക്കാര്‍ കുറയുകയാണ് പതിവ്. ഇതിന് പുറമെ റൂട്ട് ബസുകള്‍ക്ക് മുന്നിലും പിന്നിലുമായി ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാരെ വിളിച്ച്കയറ്റി ബസ് ചാര്‍ജ് മാത്രം വാങ്ങി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ, ജീപ്പ് എന്നിവയും വലിയ വെല്ലുവിളിയാണ്.
ഇത് സംബന്ധിച്ച് പല തവണ വടകര ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ആരും സ്വീകരിച്ചില്ലെന്ന് മാത്രമല്ല ആര്‍ടിഒയുടെ നേതൃത്വത്തില്‍ ബസുകളില്‍ പരിശോധനയെന്ന് പറഞ്ഞ് അനധികൃതമായി പിഴ ഈടാക്കുകയാണ് ചെയ്യുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടത്തി. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളൂ. പല കാരണങ്ങളാലും സര്‍വ്വീസ് നിര്‍ത്തേണ്ട സാഹചര്യം വന്നതോടെ പല ഉള്‍നാടന്‍ റൂട്ടുകളിലും ബസുകള്‍ ഇല്ലാതാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് സാധാരണക്കാരായ വിദ്യാര്‍ഥികളെയും ബാധിക്കും.
തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്ന ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിന് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണം. പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. നിപാ വൈറസ് ബാധയോടെ പേരാമ്പ്ര ഉള്‍പെടെയുള്ള റൂട്ടുകളില്‍ മൂന്നില്‍ ഒന്ന് സര്‍വീസ് മാത്രമാണ് നടക്കുന്നത്. വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെകെ ഗോപാലന്‍, സെക്രട്ടറി ടിഎം ദാമോദരന്‍, പിവി പ്രസീത് ബാബു, എംകെ ഗോപാലന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top