താലൂക്കാശുപത്രിയില്‍ മരുന്ന് മാറി കുത്തിവച്ചതായി പരാതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ 21 വയസുകാരനുള്ള മരുന്ന് ആറു വയസുകാരന് മാറി കുത്തിവച്ചതായി പരാതി. പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിയ പന്മന തേവലക്കര പടിഞ്ഞാറ്റക്കര രാധാകൃഷ്ണഭവനില്‍ അമല്‍ദേവിനാണ് (ആറ്) മരുന്ന് മാറി നല്‍കിയത്. വയറുവേദനയുമായെത്തിയ കൊല്ലക ശ്രീശൈലം വീട്ടില്‍ ബൈജുവിന്റെ മകന്‍ അമല്‍ രാജിന് (21) എടുക്കേണ്ട കുത്തിവയ്പ്പാണ് അമല്‍ദേവിന് നല്‍കിയത്. മാതാപിതാക്കള്‍ പരാതി പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ അനാസ്ഥ കാട്ടുകയായിരുന്നുവെന്നാണ് ആക്ഷേപം. വിവരമറിഞ്ഞ് ഇരുവരുടെയും കൂടുതല്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. കരുനാഗപ്പള്ളി പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഇരുവര്‍ക്കും ആവശ്യമായ കുത്തിവയ്പ്പുകള്‍ നടത്തി. വീട്ടുകാര്‍ പോലിസിലും ആശുപത്രി സുപ്രണ്ടിനും പരാതി നല്‍കി.

RELATED STORIES

Share it
Top