താരമാവാനൊരുങ്ങി ഇവര്‍

മോസ്‌കോ: വമ്പന്‍മാര്‍ക്ക് അടിതെറ്റിയ 21ാമത് റഷ്യന്‍ ലോകകപ്പിന്റെ താരമാവുന്നത് ആരായിരിക്കും? ഗോള്‍ഡന്‍ ബൂട്ട് അല്ലെങ്കില്‍ ഗോള്‍ഡന്‍ ബോള്‍ നേടാന്‍ സാധ്യതയുണ്ടായിരുന്ന സൂപ്പര്‍ സ്റ്റാറുകളായ മെസ്സിയും ക്രിസ്റ്റിയാനോയും നെയ്മറും അടക്കമുള്ളവര്‍ക്ക് മടക്കടിക്കറ്റ് ലഭിച്ചുകഴിഞ്ഞു. നാലു മല്‍സരങ്ങള്‍ മാത്രം അവശേഷിക്കേ ആരാകും ഗോള്‍ഡന്‍ ബോളിന് അര്‍ഹനാവുകയെന്ന ആകാംക്ഷയിലാണ് കാല്‍പ്പന്തുകളിയാരാധകര്‍.
ലോകകപ്പില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡ്, ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് എന്നിവരുടെ പേരുകള്‍ക്കാണ് ഇത്തവണ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ രണ്ടു ഗോള്‍ നേടിയ ഹസാര്‍ഡ് രണ്ടെണ്ണത്തിനു വഴിയുമൊരുക്കി. ഹസാര്‍ഡിന്റെ ഡ്രിബ്ലിങ് വൈഭവവും ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഗോളടിച്ചും ഗോളടിപ്പിച്ചും ആദ്യ മല്‍സരം മുതല്‍ക്കു തന്നെ ബെല്‍ജിയം സൂപ്പര്‍ താരം ലുക്കാക്കുവും ബെ ല്‍ജിയം നിരയില്‍ നിന്നു മികച്ച താരമാവാനുള്ള സാധ്യതയുണ്ട്. നാലു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട് ലുക്കാക്കു. ഇവരെ കൂടാതെ മിന്നും ഫോമില്‍ കളിക്കുന്ന മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രുയിനും ഗോള്‍ഡന്‍ ബോ ള്‍ നേടാന്‍ സാധ്യതയുള്ള താരമാണ്.
ക്രൊയേഷ്യയുടെ വിജയങ്ങള്‍ക്കു പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന മോഡ്രിച്ച് രണ്ടു ഗോളുകള്‍ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ സഹതാരങ്ങള്‍ക്ക് പാസെത്തിക്കുന്നതിലുള്ള വൈഭവം, ടാക്കിളുകള്‍ എന്നിവയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാലാണ് ലോകകപ്പിന്റെ താരമാവാനുള്ള സാധ്യതയില്‍ മോഡ്രിച്ച് മുന്‍പന്തിയിലെത്തുന്നത്.
ഫ്രാന്‍സിന്റെ കൗമാരതാരം എംബാപ്പെ, ഗ്രീസ്‌മെന്‍ എന്നിവരും മികച്ച താരമാവാനുള്ള സാധ്യതകളുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളാണ് ഗ്രീസ്‌മെന്‍ നേടിയത്. കൂടാതെ ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
മിന്നും ഫോമില്‍ കളിക്കുന്ന എംബാപ്പെ മൂന്നു ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്. ആതിഥേയരായ റഷ്യയുടെ അലക്‌സാണ്ടര്‍ ഗോളോവിന്‍, ഡെനിസ് ചെറിഷേവ് തുടങ്ങിയവരും മികച്ച താരത്തിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്. നാലു ഗോളുകള്‍ ചെറിഷേവ് നേടിയപ്പോള്‍ ഗോളോവിന്റെ അക്കൗണ്ടില്‍ ഒരു ഗോളാണുള്ളത്.

RELATED STORIES

Share it
Top