തായ് ദുരന്തം: രക്ഷപ്പെട്ട കുട്ടികള്‍ ഫൈനലിനെത്തുമോ?

ബാങ്കോങ്: ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുടെയും ഫലമായി തായ്‌ലന്‍ഡ് ഗുഹാ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ റഷ്യയിലെ ലോകകപ്പ് ഫൈനലിനെത്തുമോയെന്ന കാര്യത്തില്‍ ആശങ്ക. ഇവരെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിക്കുന്നതായി ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനി ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു.
എന്നാല്‍ രക്ഷപ്പെട്ട കുട്ടികള്‍ക്ക് അടിയന്തരമായി ചികില്‍സ ലഭ്യമാക്കുന്നതിനാലാണ് ഇവരുടെ റഷ്യയിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഫൈനലിന് മുമ്പേ ഇവരുടെ ചികില്‍സ പൂര്‍ത്തിയായാല്‍ കുട്ടിത്താരങ്ങള്‍ റഷ്യയിലേക്കു പറക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതിനിടെ രക്ഷപ്പെട്ട കുട്ടികള്‍ക്ക് ജേഴ്‌സി വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കെയ്ല്‍ വാള്‍ക്കര്‍ രംഗത്തെത്തി. കുട്ടികള്‍ക്കു ജേഴ്‌സി അയച്ചു നല്‍കാമെന്നാണു താരം അറിയിച്ചത്. ഇംഗ്ലണ്ട് ജേഴ്‌സി അണിഞ്ഞുനില്‍ക്കുന്ന കുട്ടികളില്‍ ഒരാളുടെ ഫോട്ടോ പങ്ക് വച്ചാണു താരം ട്വിറ്ററില്‍ രംഗത്തുവന്നത്. ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും രണ്ടാഴ്ചകള്‍ക്കു ശേഷമാണ് പുറംലോകം കണ്ടത്.
വാര്‍ത്തയില്‍ അതിയായ സന്തോഷം രേഖപ്പെടുത്തിയ വാള്‍ക്കര്‍ കുട്ടികള്‍ക്കായി സമ്മാനം വാഗ്ദാനം ചെയ്ത് എത്തിയതോടെ ഫുട്‌ബോള്‍ പ്രേമികള്‍ പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

RELATED STORIES

Share it
Top