തായ്‌ലന്‍ഡ്: കുട്ടികള്‍ ആശുപത്രി വിട്ടു

തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ എല്ലാവരും ആശുപത്രി വിട്ടു. ഗുഹയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചിലര്‍ക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു, ഇത് ഭേദമായതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി ധരിച്ചാണ് കുട്ടികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയത്.
കുടുംബത്തിന്റെയും മാതാപിതാക്കളുടെയും കൂടെ കൂടുതല്‍ സമയം ചെലവിടാനും മാധ്യമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 23നാണ് വൈല്‍ഡ് ബോര്‍സ് ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികളും പരിശീലകനും കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഗുഹയില്‍ വെള്ളം കയറിയതോടെ ഗുഹാകവാടം ചെളിയും വെള്ളവും നിറഞ്ഞ് അടഞ്ഞു. രക്ഷപ്പെടാനായി ഗുഹയ്ക്കുള്ളിലേക്ക് പോയ കുട്ടികളെ നാല് കിലോമീറ്റര്‍ ഉള്ളില്‍വച്ചാണ് കണ്ടെത്തിയത്.
18 ദിവസത്തെ ഗുഹാവാസത്തിനു ശേഷം പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്താണ് വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികളെയും കോച്ചിനേയും പുറത്തെത്തിച്ചത്. ആശുപത്രിക്കു പുറത്തെത്തിയ കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരോടു തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടതിന്റെ അനുഭവങ്ങളുമായി  മനസ്സു തുറന്നു.
'ഇതൊരു അദ്ഭുതമാണ്' വൈല്‍ഡ് ബോര്‍സ് ഫുട്‌ബോള്‍ ടീം കളിക്കാരനായ 14കാരന്‍ അബ്ദുല്‍ സാം പ്രതികരിച്ചു. ഞങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതുവരെ ഭക്ഷണം ഉണ്ടായിരുന്നില്ല. വെള്ളം കുടിച്ച് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അബ്ദുല്‍ സാം പറഞ്ഞു.  13 പേരും നല്ല മാനസിക, ശാരീരിക ആരോഗ്യ സ്ഥിതിയിലാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

RELATED STORIES

Share it
Top