താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാത നിര്‍മിക്കും: മന്ത്രി

കണ്ണൂര്‍: താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാത നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കൊങ്കണ്‍ റെയില്‍വേ അധികൃതരുമായി കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
ഉരുള്‍പൊട്ടലില്‍ താമരശ്ശേരി ചുരത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. 35 കിലോമീറ്റര്‍ വരുന്ന ചുരം റോഡില്‍ അഞ്ചര കിലോമീറ്ററോളം തുരങ്കം നിര്‍മിക്കും. സമാന്തരപാത വരുന്നതോടെ ഉരുള്‍പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങളില്ലാതെ സുഗമമായ യാത്ര സാധ്യമാവും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചുരം റോഡിന്റെ ഭാഗങ്ങള്‍ മൂന്നുമാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിര്‍മിക്കുന്ന തീരദേശപാതയില്‍ ആവശ്യത്തിന് വീതിയില്ലാത്ത സ്ഥലങ്ങളില്‍ എലിവേറ്റഡ് ഹൈവേകളും ഫ്‌ളൈ ഓവറുകളും നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇത് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 600 കിലോമീറ്ററോളം വരുന്ന തീരപാതയില്‍ 60 കിലോമീറ്ററില്‍ മാത്രമാണ് ആവശ്യമായ സ്ഥലം ലഭിച്ചത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കി വേണം ആവശ്യമായ ഭൂമി ഏറ്റെടുക്കാന്‍. ഇത് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top