താമരശ്ശേരി ചുരത്തില്‍ ഗതാഗതം നാളെ പുനരാരംഭിക്കും

താമരശ്ശേരി: ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണ്  കാണുന്നതെന്നും നാളെ മുതല്‍ നിയന്ത്രിത രീതിയില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും മന്ത്രിമാരായ  ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ചിപ്പിലിത്തോട് സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ബസ് സര്‍വീസ് മൂന്ന് ദിവസത്തിനകം പുനരാരംഭിക്കും. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അനുവദിക്കില്ല.
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡില്‍ പണി നടത്തുന്നതിന് തടസ്സമുണ്ടായിരുന്നു. നിലവില്‍ സ്ഥിതി മാറി. മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചത്. യാത്രാ സൗകര്യം സുഗമമാക്കുക എന്നതാണ് ലക്ഷ്യം. അതു കൊണ്ട് തന്നെ പണി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പൊതുമരാമത്ത്മന്ത്രി ജി സുധാകരന്‍ കൂടി സ്ഥലം സന്ദര്‍ശിച്ച ശേഷം റോഡ് നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരൂമാനിക്കും.
കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തി വിടുക. ഇടിഞ്ഞ ഭാഗങ്ങള്‍  മാത്രമല്ല ചുരം റോഡ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി മറ്റുള്ള പ്രശ്‌നങ്ങളും കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കും. ഗതാഗതം, വനം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായാണ് പ്രവൃത്തികള്‍ നടത്തുന്നത്. റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ മുന്നിലുള്ള ലക്ഷ്യം.
കലക്—ട്രേറ്റില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മന്ത്രിമാര്‍ ചിപ്പിലിത്തോട് സന്ദര്‍ശിച്ചത്. കട്ടിപ്പാറ ക്യാംപുകളിലുള്ളവര്‍ക്ക്  ആവശ്യമായ ഭക്ഷണം, താമസസൗകര്യം, കുടിവെള്ളം, ചികില്‍സ എന്നിവ കൃത്യമായി ലഭ്യമാക്കുന്നതിന് ഉറപ്പു വരുത്തണമെന്ന്  ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ മന്ത്രി ടി പി  രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷവും കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം വും  വീടും സ്ഥലവും നഷ്ടമായവര്‍ക്ക് സ്ഥലവും 6 ലക്ഷംവും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാവുന്ന തരത്തിലുള്ള ക്വാറി പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള, പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിലുള്ള ഖനനം അനുവദനീയമാണെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ്, കാരാട്ട് റസാക്ക്, എഡിഎം ടി ജനില്‍കുമാര്‍, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഡിഎഫ്ഒ കെ കെ സുനില്‍കുമാര്‍, താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്‍,  താമരശ്ശേരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എം കെ രാജീവ്കുമാര്‍, പൊതുമരാമത്ത് വകുപ്പ്(ദേശീയപാത വിഭാഗം) എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയരാജ്, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം പി ലക്ഷ്മണന്‍, അസി. എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്റോ പോള്‍, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ഇ ജലീല്‍, മുജീബ് മാക്കണ്ടി, ഐബി റജി എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top