താമരശ്ശേരി ചുരം: സ്വകാര്യ ബസ്സുകള്‍ തടഞ്ഞു

താമരശ്ശേരി: മണ്ണിടിച്ചില്‍ കാരണം ഗതാഗതം മുടങ്ങിയ താമരശ്ശേരി ചുരത്തിലൂടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചതോടെ ഇന്നലെ ഉച്ചമുതല്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകളെ തടഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഗതാഗതമന്ത്രി ചുരത്തിലെത്തി കെഎസ്ആര്‍ടിസി ബസ്സില്‍ പരീക്ഷണയാത്ര നടത്തിയിരുന്നു. ഇതോടെയാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
എന്നാല്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ വയനാട്ടിലേക്കുള്ള സ്വകാര്യ ബസ്സുകള്‍ ചുരത്തിലെത്തിയെങ്കിലും പോലിസ് തടഞ്ഞു. തങ്ങള്‍ക്ക് ഈ ബസ്സുകളെ കടത്തിവിടാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു മാത്രമാണ് അനുമതിയെന്നും അറിയിച്ചു.
തടഞ്ഞ ബസ്സുകള്‍ യാത്രക്കാരുമായി അടിവാരത്തു തന്നെ നില്‍ക്കേണ്ടിവന്നത് പ്രതിഷേധത്തിനു കാരണമായി. സര്‍ക്കാര്‍ ബസ്സിന് അനുമതി നല്‍കുമ്പോള്‍ അതേ വഴി സ്വകാര്യ ബസ്സുകള്‍ക്ക് നിഷേധിക്കുന്നത് പലരും ചോദ്യംചെയ്തു. തങ്ങള്‍ വന്‍ തുക നികുതി അടച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പറഞ്ഞാണു പ്രതിഷേധിച്ചത്.
ഇതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകള്‍ ജില്ലാ ഭരണാധികാരികളും ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടതോടെ ഉച്ച മുതല്‍ ഈ ബസ്സുകള്‍ക്കും ഉപാധികളോടെ അനുമതി നല്‍കി. ചരക്കുലോറികള്‍ക്കും ടൂറിസ്റ്റ് ബസ്സുകള്‍ക്കും വിലക്ക് തുടരും. എന്നാല്‍, സ്‌കാനിയ ബസ്സുകള്‍ക്ക് രാത്രി 10നും രാവിലെ ആറിനും ഇടയില്‍ മാത്രമാണ് അനുവാദമുള്ളത്. ഇതരസംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ നിലവിലെ റൂട്ടിലൂടെ തന്നെ സര്‍വീസ് നടത്തും. മണ്ണിടിഞ്ഞതിന്റെ മറുഭാഗത്ത് റോഡ് വീതികൂട്ടിയാണ് ശനിയാഴ്ച രാത്രി മുതല്‍ നിയന്ത്രണത്തോടെ വാഹനങ്ങള്‍ കടത്തിവിടുന്നത്.ഈ മാസം പതിനാലിനാണ് ചുരം രണ്ടാം വളവിന് താഴെ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചിലുണ്ടായത്.

RELATED STORIES

Share it
Top