താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കനത്ത മഴയില്‍ ചുരം റോഡിന് ബലക്ഷയമുണ്ടായതിനെ തുടര്‍ന്നാണിത്. വയനാട് ചുരം റോഡില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായിട്ടുണ്ട്.  അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇതുവഴി ചെറുഭാര വാഹനങ്ങളും ഓടാന്‍ പാടില്ലെന്ന് കോഴിക്കോട്  കലക്ടര്‍ യു വി ജോസ് അറിയിച്ചു. സ്വകാര്യ ബസ്സുകളും ചുരം റൂട്ടില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍വീസ് നടത്താന്‍ പാടില്ല. വലിയ വാഹനങ്ങള്‍ക്ക് കഴിഞ്ഞദിവസം തന്നെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താമരശ്ശേരി ഭാഗത്തുനിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ചിപ്പിലിത്തോട് വരെയും കല്‍പറ്റ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ 29ാം മൈല്‍ വരെയും സര്‍വീസ് നടത്തും. ഇടയ്ക്കുള്ള 200 മീറ്ററില്‍ യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടിവരും. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ മണ്ണിടിഞ്ഞിരുന്നു. ഇവിടെ റോഡിലെ ടാറിട്ട ഭാഗം വരെ ഏറക്കുറേ ഇടിഞ്ഞതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് അന്നു മുതലേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട്ടുനിന്നുള്ള വാഹനങ്ങള്‍ കുറ്റിയാടി ചുരം വഴിയാണ് തിരിച്ചുവിട്ടത്.

RELATED STORIES

Share it
Top