താമരശ്ശേരി ചുരം അറ്റകുറ്റപ്പണി തീരാന്‍ മൂന്നു മാസം; ഗതാഗത നിയന്ത്രണം തുടരും

താമരശ്ശേരി: കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ ചുരത്തിനു സമീപം ചിപ്പിലിത്തോട് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തകര്‍ന്ന ചുരം റോഡിന്റെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ഒരാഴ്ചയ്ക്കകം സൗകര്യമൊരുക്കുന്നതിന് പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. കുറ്റിയാടി-മാനന്തവാടി ചുരം റോഡിലൂടെ വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങളുടെ യാത്ര സുഗമമാവുന്നതിന് ഈ റോഡിന്റെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ഇതിനായി കോഴിക്കോട് ജില്ലയുടെയും വയനാടിന്റെയും ഭാഗങ്ങളുടെയും പ്രവൃത്തികള്‍ സമയബന്ധിതമാക്കുന്നതിന് അതത് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. തകര്‍ന്ന ചുരം റോഡ് മൂന്നു മാസത്തിനകം പുനര്‍നിര്‍മിച്ച് ഗതാഗതയോഗ്യമാക്കാനും തീരുമാനിച്ചു. ചുരം റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പൂര്‍ണമായ പരിശോധന നടത്തി വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചിപ്പിലിത്തോട്ടില്‍ ചുരം റോഡില്‍ തടസ്സപ്പെട്ട ഡ്രെയിനേജ് സംവിധാനം പുനഃസ്ഥാപിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top