താമരശ്ശേരിയില്‍ വീണ്ടും മോഷണപരമ്പര

താമരശ്ശേരി: താമരശ്ശേരിയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു. ഇന്നലെ താമരശ്ശേരി ചുങ്കത്തെ നാലു വ്യാപാര സ്ഥാപനങ്ങലിലാണ് കള്ളന്‍കയറിയത്. കുന്നുംപുറത്തു ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള കെ ജി സ്റ്റോര്‍, കെ കെ ഫ്‌ലോര്‍മില്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച ഇന്‍ഡസ്ട്രിയല്‍സ്, ഐ ഡെക് അലൂമിനിയം ഫാബ്രിക്കേഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടത്തിയത്.
കെജി സ്‌റ്റോറില്‍ നിന്നും പണം ലഭിക്കാത്തതിനാല്‍ ഉണ്ണിയുടേയും ഭാര്യയുടേയും പേരിലുള്ള വിലപിടിച്ച രേഖകള്‍ എടുത്തു പിറകുവശത്തെ തോട്ടിലെറിഞ്ഞു. ഇവിടെ നിന്നും ഒരുമാസം മുമ്പ് കടകുത്തിത്തുറന്ന് അറുപതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ ഉടമസ്ഥതിയിലുള്ള കടക്കു പിറക് വശത്തുള്ള വാടകകെട്ടിടത്തില്‍ താമസിക്കുന്നവരെ പുറത്ത് നിന്നും ഓടാമ്പലിട്ടു പൂട്ടിയിട്ടാണ് മോഷ്ടാക്കള്‍ കട തുറന്നത്. പുലര്‍ച്ചെ ജോലിക്ക് പോവാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെ പൂട്ടിട്ടതായി മനസ്സിലായത്.
ഇതിനെ തുടര്‍ന്നു സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് വാതില്‍ തുറന്നത്. പുലര്‍ച്ചെ ആളുകളെ കണ്ടതോടെ കടകള്‍ തുറക്കാന്‍ ഉപയോഗിച്ച പാര, കൊടുവാള്‍ എന്നിവ ഉപേക്ഷിച്ച മോഷ്ടാവ് രക്ഷപ്പെട്ടു. മോഷ്ടാക്കളുടെതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി.
വെള്ളിയാഴ്ച പരപ്പന്‍പൊയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും ജനല്‍ തുറന്നു കട്ടിലില്‍ ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്റെ അഞ്ചര പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. നേരത്തെ കാരാടി യിലെ ചില സ്ഥാപനങ്ങളില്‍ നടന്ന മോഷണക്കേസിലെ രണ്ടുപേര്‍ പോലിസ് പിടിയിലായിരുന്നു. തുടര്‍ച്ചയായി ടൗണില്‍ മോഷണം വര്‍ധിക്കുന്നത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു.RELATED STORIES

Share it
Top