താന്‍ സ്വയം രാജി വച്ചതാണെന്നും പുറത്താക്കിയതല്ലെന്നും ദീലിപ്‌

കൊച്ചി: ദിലീപില്‍ നിന്നു രാജിക്കത്ത് ചോദിച്ചു വാങ്ങിയ ശേഷം താരസംഘടനയായ “അമ്മയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാടിനെതിരേ നടന്‍ ദിലീപ്. പ്രസിഡന്റ് മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണു താന്‍ രാജിക്കത്ത് നല്‍കിയതെന്നും രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണെന്നും അല്ലാതെ പുറത്താക്കലല്ലെന്നും ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. “അമ്മയ്ക്ക് നല്‍കിയ രാജിക്കത്തിന്റെ പകര്‍പ്പും ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. “
അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷവും ഈ കത്ത് പുറത്തു വിടാത്തതു കൊണ്ടാണ് ഇപ്പോള്‍ താന്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബൈലോ പ്രകാരം തന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം തനിക്കുണ്ട്. പക്ഷെ തന്നെ കരുതി “അമ്മ’ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് താന്‍ രാജിക്കത്ത്് നല്‍കിയതെന്നും ദിലീപ് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മനസ്സാ വാചാ അറിയാത്ത കുറ്റത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് പറഞ്ഞുകൊണ്ടാണു ദിലീപ് “അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നല്‍കിയ രാജിക്കത്ത് ആരംഭിക്കുന്നത്. താന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംഘടനയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് തന്നെ പുറത്താക്കാന്‍ തീരുമാനിക്കുകയും അതിനു ശേഷം ചേര്‍ന്ന ജനറല്‍ബോഡി യോഗം അത് മരവിപ്പിക്കുകയും ചെയ്തു. സംഘടനയുടെ പരമോന്നത കമ്മിറ്റിയായ ജനറല്‍ ബോഡി എടുത്ത തീരുമാനം താന്‍ അറിഞ്ഞതു മാധ്യമ വാര്‍ത്തകളിലൂടെയാണ്. സംഘടനയിലെ അംഗമായിരുന്ന തന്നെ ഔദ്യോഗികമായി ഈ വിവരം ആരും അറിയിച്ചിരുന്നില്ല. എന്നിട്ടും ചില തല്‍പര കക്ഷികള്‍ വിവാദം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സംഘടനയുടെ നന്മയെ കരുതി തനിക്കെതിരേ ആരോപിക്കപ്പെട്ട കേസില്‍ തീര്‍പ്പുണ്ടാവുന്നതു വരെ സംഘടനയിലേക്കു തിരിച്ചില്ലെന്നു തീരുമാനിച്ച് “അമ്മയ്ക്ക് താന്‍ കത്തു നല്‍കിയിരുന്നതാണ്. എന്നാല്‍ അതുകൊണ്ടും ദേഷ്യം തീരാത്തവര്‍ തന്റെ പേരില്‍ സംഘടനയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണു പിന്നീട് കണ്ടത്. തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാവാന്‍ താന്‍ തയ്യാറല്ലെന്നു പരസ്യമായ നിലപാടെടുത്തിട്ടു കൂടി ഈ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെയും അമ്മയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അനസ്യൂതം തുടരുകയാണു ചെയ്തത്.
തന്റെ പേരു പറഞ്ഞ് അമ്മയെന്ന സംഘടനയെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ ശ്രമമെന്നു തനിക്കറിയാം. അവര്‍ ലക്ഷ്യംവയ്ക്കുന്നത് എന്നെയാണ്. ഒരു ജനറല്‍ ബോഡി എടുത്ത തീരുമാനം മാറ്റാന്‍ മറ്റൊരു ജനറല്‍ബോഡിക്ക് മാത്രമെ അവകാശമുള്ളൂവെന്നു നിയമാവലിയില്‍ പറയുമ്പോള്‍ ഒരംഗത്തെ നടപടി പ്രകാരം വിശദീകരണം നല്‍കാന്‍ പോലും അവസരം നല്‍കാതെ നിയമാവലി അനുസരിച്ച് പുറത്താക്കാനാവില്ല എന്നറിയാമായിരുന്നിട്ടും സംഘടനയിലെ അംഗങ്ങളില്‍ ചിലരുടെ നേതൃത്വത്തില്‍ തന്നെ പത്ര, ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം സമ്മര്‍ദത്തിലാക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ദിലീപ് തന്റെ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
മാധ്യമ പിന്തുണ ഒന്നുകൊണ്ട് പൊതുബോധത്തെ അട്ടമറിക്കാനും ഇല്ലാ നുണകള്‍ കൊണ്ട് നിയമവ്യവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനും ശ്രമിക്കുന്നവരാണിവര്‍. ഇവരുടെ ഉപജാപങ്ങളില്‍ അമ്മ എന്ന സംഘടന തകരരുതെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു. ഇനി തന്റെ പേരു പറഞ്ഞ് “അമ്മയെ തകര്‍ക്കാനുള്ള ഗൂഢാലോചനകളും വിവാദങ്ങളും തുടരേണ്ടെന്നും വിവാദം അവസാനിപ്പിക്കാനായി താ ന്‍ നല്‍കുന്ന ഈ കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും “അമ്മയുടെ അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടാണ് ദിലീപ് തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top