താന്‍ സന്തുഷ്ട്‌നല്ലെന്ന് കുമാരസ്വാമിബംഗളൂരു: കോണ്‍ഗ്രസുമായുളള കൂട്ടുമന്ത്രിസഭയില്‍ താന്‍ സന്തുഷ്ടനല്ലെന്ന് പരസ്യമായി പറഞ്ഞ് കര്‍ണാടകമുഖ്യമന്ത്രി എച് ഡി കുമാരസ്വാമി.
കൂട്ടുമന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. ജെഡിഎസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹത്തെ അനുമോദിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയ അനുമോദന ചടങ്ങിലായിരുന്നു അദ്ദേഹം വികാരാധീനനായി സംസാരിച്ചത്.
'നിങ്ങളുടെ കൂട്ടത്തിലുളള ഒരു സഹോദരന്‍ മുഖ്യമന്ത്രി ആയതില്‍ നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ ഞാന്‍ സന്തോഷവാനല്ല. ശിവനെ പോലെ എന്റെ വേദന ഞാന്‍ കുടിച്ചിറക്കുകയാണ്', കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയും, തങ്ങളുടെ വായ്പകള്‍ റദ്ദാക്കാത്തതിലുള്ള മത്സ്യത്തൊഴിലാളികളുടെ അമര്‍ഷവും സംസ്ഥാനത്ത് പുകയുന്നുണ്ട്.
വായ്പകള്‍ റദ്ദാക്കുന്നതിനായി കഴിഞ്ഞ ഒരുമാസത്തോളം ഉദ്യോഗസ്ഥരുമായി താന്‍ ശ്രമം നടത്തുന്നതായി കുമാരസ്വാമി പറഞ്ഞു. 'ആരും എന്റെ ശ്രമങ്ങളെ കാണുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് എന്നെ ശ്രദ്ധിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ അതിന് തയ്യാറാകുന്നില്ല. വേണമെന്ന് വച്ചാല്‍ കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് എനിക്ക് മുഖ്യമന്ത്രി പദം വേണ്ടെന്ന് വയ്ക്കാം. ജനങ്ങള്‍ക്ക് നല്ലത് ചെയ്യണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലെത്താനായത്', കുമാരസ്വാമി പറഞ്ഞു.
അതേസമയം കുമാരസ്വാമിയുടെ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയാണ് കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയത്. 'അദ്ദേഹത്തിന് എങ്ങനെ അത് പറയാനാവും. അദ്ദേഹം തീര്‍ച്ചയായും സന്തോഷവാനായിരിക്കണം. മുഖ്യമന്ത്രി എന്നും സന്തോഷവാനായിരിക്കണം. അദ്ദേഹം സന്തോഷവാനായാല്‍ മാത്രമെ ഞങ്ങളെല്ലാവരും സന്തോഷത്തോടെ ഇരിക്കുകയുളളു', പരമേശ്വര പറഞ്ഞു.

RELATED STORIES

Share it
Top