താന്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ കോണ്‍ഗ്രസിന് വോട്ടു കുറയും: ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: താന്‍ പ്രചാരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ്സിന് വോട്ടു കുറയുമെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് പറയുന്ന വീഡിയോ പുറത്ത്.
പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിങ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഈ മാസം 13ന് ചിത്രീകരിച്ചതാണ് വീഡിയോ. താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ പ്രസംഗത്തിനോ ഇല്ലെന്ന് സിങ് പറയുന്നു. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ശക്തമായി പ്രചാരണം നടത്താന്‍ സിങ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നുമുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ജിത്തു പട്‌വാരിയുടെ വീട്ടില്‍ ചിത്രീകരിച്ചതാണ് വീഡിയോ. തന്നോട് സംസാരിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകരോട് അനൗപചാരികമായാണ് സിങ് സംസാരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം പോരെന്ന് സിങ് പറയുന്നു. പാര്‍ട്ടിയിലെ നിങ്ങളുടെ എതിരാളികളാണ് മല്‍സരിക്കുന്നതെങ്കില്‍ പോലും അവരുടെ വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും സിങ് പറയുന്നു. താന്‍ പറയുന്നതെല്ലാം വീഡിയോയിലില്ലെന്നും ചിലഭാഗങ്ങള്‍ തെറ്റായ രീതിയിലാണെന്നും ഇതുസംബന്ധിച്ച് സിങ് പിന്നീട് പ്രതികരിച്ചു.

RELATED STORIES

Share it
Top