താന്‍ ഇംപീച്ച്‌മെന്റിന്റെ വക്കിലായിരുന്നുവെന്ന് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: താന്‍ ഇംപീച്ച്‌മെന്റ് നടപടിയുടെ വക്കിലായിരുന്നുവെന്ന് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. 1992ല്‍ അലഹബാദ് ഹൈക്കോടതിയിലായിരുന്ന സമയത്ത് തനിക്കെതിരേയും ഇംപീച്ച്‌മെന്റ് നടപടികള്‍ക്കുള്ള ശ്രമമുണ്ടായിരുന്നുവെന്നാണ് കട്ജു വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അതോറിറ്റി റദ്ദാക്കിയ ഒരു അധ്യാപികയുടെ നിയമനം പുനസ്ഥാപിച്ച് ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെയാണ് തനിക്കെതിരേ ഇംപീച്ച്‌മെന്റ്് നീക്കങ്ങള്‍ ഉണ്ടായത്.
1991 നവംബറില്‍ അലഹബാദ് ഹൈക്കോടതിയില്‍ താന്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി ഏതാനും മാസങ്ങള്‍ക്കുശേഷമാണ് തനിക്കെതിരേ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ നടന്നത്. ഗാസിയാബാദ് ജില്ലയിലെ ഒരു ഹൈസ്‌കൂളിലെ ബയോളജി അധ്യാപകന്റെ നിയമനം റദ്ദാക്കിയ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടറുടെ നടപടി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു നീക്കം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കി നിയമിക്കുന്ന നടപടി എടുത്തുകളയണമെന്നും ഈ സമ്പ്രദായം പോരായ്മനിറഞ്ഞതാണെന്ന് തെളിഞ്ഞതാണെന്നും കട്ജു പറഞ്ഞു.
ഇന്ത്യന്‍ ജുഡീഷ്യറിയെ വിശകലനം ചെയ്ത് കട്ജു എഴുതിയ ഇന്ത്യന്‍ ജുഡീഷ്യറി എങ്ങോട്ട് എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രിംകോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി ഒരുപക്ഷേ, ആര്‍ജ്ജവവും സത്യസന്ധതയുമുള്ളവനായിരിക്കാം എന്നാല്‍, ഒരുപേക്ഷ അദ്ദേഹം സാധാരണ നിലവാരത്തിലുള്ള ഒട്ടും മെച്ചപ്പെട്ടതല്ലാത്ത വ്യക്തിയാവും. അത്തരം ആളുകളെ മാറ്റിനിര്‍ത്തി അടുത്ത ഏറ്റവും മുതിര്‍ന്ന ആളെ ചീഫ്ജസ്റ്റിസാക്കണമെന്നാണ് കട്ജു അഭിപ്രായപ്പെടുന്നത്. ഡല്‍ഹി, മദ്രാസ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസും അലഹബാദ് ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസുമായിരുന്ന കട്ജു, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായിരുന്നിട്ടുണ്ട്.

RELATED STORIES

Share it
Top