താനെയില്‍ 500 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്

താനെ: മികച്ച ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്ത വന്‍ ഓണ്‍ലൈന്‍ ക്രിപ്‌റ്റോ കറന്‍സി റാക്കറ്റ് മഹാരാഷ്ട്രയിലെ താനെ പോലിസ് തകര്‍ത്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞവര്‍ഷം ഏതാനും പേര്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ച് മണി ട്രേഡ് കോയിന്‍ (എംടിസി) എന്നു വിളിക്കുന്ന തങ്ങളുടേതായ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയിരുന്നു.
ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച ലാഭം നല്‍കുമെന്ന് പ്രലോഭിപ്പിച്ച് നിരവധി പേരില്‍നിന്നായി 500 കോടിയോളം രൂപ സമാഹരിക്കുകയായിരുന്നു. അതിനിടെ, നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്ത തുക തിരിച്ചുകൊടുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
ജനങ്ങളെ പറ്റിക്കാന്‍ സംഘം കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെടുകയും ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് തയ്യാറാക്കുകയും ചെയ്തതായി താനെ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25000ഓളം പേര്‍ തട്ടിപ്പിന് ഇരയായതായാണ് പോലിസ് കണക്കുകൂട്ടല്‍. ന്യൂഡല്‍ഹി സ്വദേശിയായ വ്യവസായിയുടെ പരാതിയില്‍ താനെയിലെ ഗോദ്ബുണ്ടര്‍ റോഡിലെയും മുംബൈയോട് ചേര്‍ന്നുള്ള വിക്രോളി സുബര്‍ബാനിലെയും കമ്പനി ഓഫിസുകളില്‍ പോലിസ് റെയ്ഡ് നടത്തി. 53 ലാപ്‌ടോപ്പുകളും റബര്‍ സ്റ്റാമ്പുകളും വ്യാജരേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു. കമ്പനിയുടെ സാങ്കേതിക സഹായി താഹ ഖാസി എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് അഞ്ചിടങ്ങളിലും റെയ്ഡ് നടത്തി. ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top